പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂൾ നാളെ തുറക്കുന്നത്. സ്‌കൂൾ പരിസരത്ത് വനംവകുപ്പ് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.
സ്‌കൂൾ പരിസരത്ത് പുലിയെ പിടികൂടാനുള്ള കൂടും, പ്രത്യേക കമ്പിവേലിയും ക്യാമറയും സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സബ് കലക്‌ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് സ്‌കൂൾ അധികൃതർ പ്രതികരിച്ചു.
അതേസമയം, കുട്ടികളെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് തനിച്ചുവിടാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾ നടന്നുവരുന്ന വഴികളിൽ പ്രത്യേക നിരീക്ഷണം വേണം. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന മുള്ളി ട്രൈബൽ സ്‌കൂളിന് അരികിൽ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. എന്നാൽ, പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് സ്‌കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































