കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്‌ത സംഭവത്തിൽ പാസ്‌റ്റർ ഉൾപ്പടെ മൂന്നുപേർ പിടിയിൽ. വാരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്‌റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് ഈമാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിന് സമീപം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്. കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് കൊച്ചി സെൻട്രൽ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും മനോനില ശരിയല്ലെന്ന് കണ്ട് അഗതി മന്ദിരത്തിലാക്കുകയും ചെയ്‌ത വ്യക്‌തിയാണ് സുദർശൻ. എന്നാൽ ഇവിടെ വെച്ച് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
ഇയാളുടെ ശരീരത്തിൽ മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകളുണ്ട്. ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്‌തു. തുടർന്നാണ് കൊടുങ്ങല്ലൂരിൽ വഴിയരികിൽ തള്ളുന്നത്. ആരാണ് ഇയാളെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഏതാനും ദിവസങ്ങളായി പോലീസ്. തുടർന്ന് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തി.
അരൂരിൽ താമസിച്ചിരുന്ന സുദർശനൻ ഏതാനും മാസങ്ങളായി കുത്തിയതോടാണ് താമസം. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശനൻ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിൽ ലഹരി വിമുക്‌ത കേന്ദ്രത്തിൽ ചികിൽസയിൽ ആയിരുന്നു.
Most Read| പിഎം ശ്രീ വിവാദം; നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ



































