പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ, ക്ഷേമ പദ്ധതികൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് രാവിലെ പട്‌നയിലാണ് ‘സങ്കൽപ് പത്ര’ എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരുകോടി ജനങ്ങൾക്ക് സർക്കാർ ജോലി എന്നതാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. ഒരുകോടി സ്‌ത്രീകളെ ലക്ഷ്യമിട്ട് ലക്‌പതി ദീദീസ് എന്ന പദ്ധതി തുടങ്ങുമെന്നും പത്രികയിൽ പറയുന്നു.
പ്രധാന വാഗ്‌ദാനങ്ങൾ
- ഒരുകോടിയിലധികം സർക്കാർ ജോലികളും കൂടാതെ നിരവധി തൊഴിലവസരങ്ങളും.
- നൈപുണ്യ അധിഷ്‌ഠിത തൊഴിൽ നൽകുന്നതിനായി സ്‌കിൽസ് സെൻസസ്.
- എല്ലാ ജില്ലകളിലും മെഗാ സ്‌കിൽ സെന്ററുകൾ.
- സ്വാശ്രയത്വം പ്രോൽസാഹിപ്പിക്കുന്നതിനായി സ്‌ത്രീകൾക്ക് രണ്ടുലക്ഷം രൂപവരെ സാമ്പത്തിക സഹായം.
- ഒരുകോടി സ്‌ത്രീകളെ ലക്‌പതി ദീദിമാരാക്കും.
- അതിപിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിവിധ തൊഴിൽ ഗ്രൂപ്പുകൾക്ക് പത്തുലക്ഷം രൂപ നൽകും.
- കർപ്പൂരി ഠാക്കൂർ കിസാൻ സമ്മാൻ നിധിക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 3000 രൂപയുടെ അധിക ആനുകൂല്യം.
- പട്‌നയ്‌ക്ക് പുറമെ ബിഹാറിലെ നാല് നഗരങ്ങളിൽ കൂടി മെട്രോ ട്രെയിൻ സർവീസ്.
- പത്ത് പുതിയ വ്യവസായ പാർക്കുകൾ.
- അഞ്ചുവർഷത്തിനുള്ളിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും.
രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ ആറിന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































