തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്‌തമായ സാന്നിധ്യമായി സഞ്ചരിച്ച കെജി ശങ്കരപ്പിള്ളയുടെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകനൽകുന്നതാണെന്ന് സജി ചെറിയാൻ പറഞ്ഞു. സമകാലിക രാഷ്‌ട്രീയ സംഭവങ്ങളോട് ശക്‌തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻഎസ് മാധവൻ ചെയർമാനും കെആർ മീര, ഡോ. കെഎം അനിൽ എന്നിവർ അംഗങ്ങളും കേരളം സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സിപി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം.
1948ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജി ശങ്കരപ്പിള്ള ജനിച്ചത്. കേരളത്തിലെ പല ഗവ. കോളേജുകളിലും അധ്യാപകനായും പ്രിൻസിപ്പലായും ജോലി ചെയ്‌തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് താമസം.
കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്‌കാരം, ഉള്ളൂർ പുരസ്‌കാരം, കമലാ സുരയ്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ വൃക്ഷങ്ങൾ, അമ്മമാർ, ഞാനെന്റെ എതിർകക്ഷി, സഞ്ചരിമരങ്ങൾ, മരിച്ചവരുടെ വീട്, അതിനാൽ ഞാൻ ഭ്രാന്തനായില്ല, കവിത, തകഴിയും മന്ത്രികക്കുതിരയും, ഓർമ്മക്കൊണ്ട് തുറക്കാവുന്ന വാതിലുകൾ, സൈനികന്റെ പ്രേമലേഖനം, കെജി ശങ്കരപ്പിള്ളയുടെ കവിതകൾ, മൂവന്തിക്ക് കുന്നുകേറിവന്ന ഈണങ്ങൾ എന്നിവയാണ് കൃതികൾ.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































