തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48) ആണ് കഴിഞ്ഞദിവസം മതിയായ ചികിൽസ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്.
വേണുവിനെ തറയിൽ കിടത്തി ചികിൽസിച്ചതിനെ ഡോ. ഹാരിസ് വിമർശിച്ചു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയാനുള്ളത്. പ്രാകൃതമായ ചികിൽസാ നിലവാരമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കൊല്ലം പല്ലനയിൽ നിന്ന് തിരുവനന്തപുരം വരെ ചികിൽസ തേടി വരേണ്ടിവന്നു എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയിൽ ആശുപത്രിയുമുണ്ട്. ഇതെല്ലാം താണ്ടിയാണ് അദ്ദേഹത്തിന് ഇവിടേക്ക് വരേണ്ടിവന്നത്.
നാടൊട്ടുക്ക് മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങുന്നുവെന്ന് പറയുന്നതിൽ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി കെയർ സൗകര്യങ്ങളാണ് വേണ്ടത്. വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാർഡുകളിൽ സംസ്‌കാരമുള്ള ആർക്കും പോകാൻ പറ്റില്ല.
ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്‌ഥയിലുള്ള ആളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിൽസിക്കാൻ പറ്റുക? ആധുനിക സംസ്‌കാരവുമായി എങ്ങനെയാണ് ചേർന്ന് പോവുക? 1986ൽ ഞാൻ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല.
ഇപ്പോൾ ഇത്രയും കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്. മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എനിക്ക് ചില വിഷമതകൾ നേരിടേണ്ടി വന്നു. അന്ന് സമൂഹം ഒപ്പം നിന്നു. തെറ്റല്ല ചെയ്‌തത്, ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു”- ഡോ. ഹാരിസ് പറഞ്ഞു.
Most Read| തിരുവനന്തപുരം മെട്രോ 2029ൽ; ചിലവ് 8000 കോടി







































