കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു.
കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കുറ്റകൃത്യങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ ആന്നെന്ന് ഇഡി ഹരജിയിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം നടത്താൻ നിയമപരമായി അധികാരമുള്ള ഏക ഏജൻസിയാണ് ഇഡി. പിഎംഎൽഎ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്നതിനും എഫ്ഐആറിന്റെ പകർപ്പ് അനിവാര്യമാണ്.
ഇഡി അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ അതിൽ തീരുമാനമെടുക്കാനോ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല. അതിനാൽ രേഖകൾ നൽകാൻ മജിസ്‌ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകണമെന്നാണ് ഇഡിയുടെ ആവശ്യം.
അതിനിടെ, കേസിലെ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്‌റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്‌ച വരെയാണ് വിലക്ക്. ജയശ്രീയെ അറസ്‌റ്റ് ചെയ്യാൻ എസ്ഐടി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്‌ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊള്ളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കിയത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































