ബാങ്കോക്ക്: 2025ലെ വിശ്വസുന്ദരിപ്പട്ടം ചൂടി മെക്സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് തായ്ലൻഡിലെ പിന്തള്ളിയാണ് 25-കാരിയായ ഫാത്തിമ വിശ്വ സുന്ദരിയായത്. തായ്ലൻഡിലായിരുന്നു മൽസരം നടന്നത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിന്റെ വിക്ടോറിയ തെയ്ൽവിഗ്, ഫാത്തിമയെ 74ആംമത് യൂണിവേഴ്സ് കിരീടമണിയിച്ചു.
തായ്ലൻഡിന്റെ പ്രവീണർ സിങ്ങാണ് ഫസ്റ്റ് റണ്ണർ അപ്. ഇവർക്ക് പുറമെ വെനസ്വേലയുടെ സ്റ്റെഫാനി അബസാലി, ഫിലിപ്പൈൻസിന്റെ അഹ്തിസ മനാലോ, ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ എന്നിവർ ടോപ്പ് അഞ്ചിലെത്തി.
അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകർമ ടോപ്പ് 12ൽ ഇടം നേടാതെ പുറത്തായി. 2021ൽ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യയിൽ നിന്ന് കിരീടം ചൂടുന്നത്. അഞ്ചുവർഷത്തിന് ശേഷമാണ് മെക്സിക്കോ വീണ്ടും കിരീടം ചൂടുന്നത്. 2020ൽ മെക്സിക്കോയുടെ ആൻഡ്രിയ മേസ ആയിരുന്നു വിജയി.
മെസ്കിക്കോയിലെ ടാബാസ്കോയിലെ വില്ലഹെർമോസയിൽ നിന്നുള്ള 25-കാരിയായ ഫാത്തിമ ബോഷ് വിവാദങ്ങൾക്ക് ഒടുവിലാണ് വിജയിയാകുന്നത്. നവംബർ ആദ്യം മിസ് യൂണിവേഴ്സ് ഡയറക്ടർ നവത് ഇറ്റ്സരാഗ്രിസിൽ ഫാത്തിമയോട് ആക്രോശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
ഫാത്തിമയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മറ്റു മൽസരാർഥികൾ ചടങ്ങിൽ നിന്ന് ഇറങ്ങിപോകുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജമൈക്കൻ മൽസരാർഥിക്ക് വേദിയിൽ നിന്ന് വീണ് പരിക്കേറ്റതും വിധികർത്താക്കളിൽ ചിലർ രാജി വെച്ചതും ഇത്തവണത്തെ മിസ് യൂണിവേഴ്സ് മൽസരങ്ങളിലുണ്ടായി.
സംഭവം വിവാദമായതോടെ സംഘാടകർ നവതിനെ ചുമതലയിൽ നിന്ന് മാറ്റി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം മൽസരാർഥികളാണ് മിസ് യൂണിവേഴ്സിൽ പങ്കെടുത്തത്. ഈവർഷത്തെ വിധികർത്താക്കളിൽ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്വാൾ അംഗമായിരുന്നു. 1952 മുതലാണ് മിസ് യൂണിവേഴ്സ് ആരംഭിച്ചത്. പോർട്ടോ റീക്കോയിലാണ് അടുത്ത വർഷം മൽസരം.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































