കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിരുന്നു.
കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ)യിൽ നിന്ന് കോടികളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. കെഎഫ്സിക്ക് 22.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഇഡി പരിശോധനയ്ക്ക് ശേഷം കണ്ടെത്തി.
ഒരേ വസ്തു ഈട് നൽകി രണ്ട് വായ്പകൾ രണ്ട് പേരുകളിൽ എടുത്തത് തനിക്ക് വേണ്ടിയാണെന്ന് അൻവർ സമ്മതിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. മലങ്കുളം കൺസ്ട്രക്ഷൻസിന്റെ പേരിൽ 7.50 കോടി രൂപയും പിവിആർ ഡെവലപ്പേഴ്സിന്റെ പേരിൽ രണ്ട് തവണയായി 3.05 കോടി, 1.56 കോടി രൂപ വീതവും വായ്പയെടുത്തു.
ഇവ തിരിച്ചടയ്ക്കാതെ 22.30 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. 2016ൽ 14.38 കോടി രൂപയുടെ സ്വത്താണ് പിവി അൻവറിന് ഉണ്ടായിരുന്നത്. 2021ൽ അത് 64.14 കോടിയായി. ഇതിന്റെ കാരണം വ്യക്തമാക്കാൻ അൻവറിന് കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. 2015-2020 കാലഘട്ടത്തിൽ നഷ്ടക്കണക്കാണ് അൻവർ ബോധിപ്പിച്ചിട്ടുള്ളത്.
പരിശോധനയിൽ വരുമാനത്തിൽ ഇത്രയും വലിയ വർധനയാണ് ഇഡി കണ്ടെത്തിയത്. അതേസമയം, കെഎഫ്സിയിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീർപ്പാക്കലിന് അപേക്ഷ നൽകിയിരുന്നെന്നും അത് നിരാകരിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായെന്നും പിവി അൻവർ പറഞ്ഞു.
കെഎഫ്സിയിൽ നിന്ന് 9.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. അതിൽ ആറുകോടിയിലേറെ തിരിച്ചടച്ചു. ബാക്കി തുകയ്ക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അൻവർ പറഞ്ഞു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































