ഇസ്‌ലാമാബാദ്: പാക്ക് അർധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ആസ്‌ഥാനത്തിന് നേരെ ആക്രമണം. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ പെഷാവറിലെ ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവയ്‌പ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്ക് താലിബാന് സ്വാധീനമുള്ള പ്രവിശ്യയാണ് ഖൈബർ പഖ്‌തൂൺഖ്വ.
തിങ്കളാഴ്‌ച രാവിലെ സേന ആസ്‌ഥാനത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വിവിധ വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. പ്രദേശത്ത് രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഫ്രോണ്ടിയർ കോർപ്‌സ് ആസ്‌ഥാനത്തിന് നേരെ ആക്രമണം നടന്നതെന്നാണ് വിവരം.
അജ്‌ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. അതേസമയം, പ്രദേശം സുരക്ഷാസേന വളഞ്ഞതായാണ് വിവരം. ഈവർഷം ആദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്‌ഥാനത്തും കാർ ബോംബ് സ്‍ഫോടനം ഉണ്ടായിരുന്നു. അന്ന് പത്തുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































