ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
ചാവേർ സ്‌ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വറ്റ പോലീസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലൂച് അറിയിച്ചു. സ്‌ഫോടനത്തിന്റെ സ്വഭാവം നിർണയിക്കാൻ അന്വേഷണം നടന്നുവരികയാണ്. സംഭവസമയത്ത് റെയിൽവേ സ്‌റ്റേഷനിൽ നൂറോളം പേർ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകട സ്‌ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്‌ഥാൻ സർക്കാർ വക്‌താവ് ഷാഹിദ് റിങ് അറിയിച്ചു. അവിടെ നിന്ന് തെളിവുകൾ ശേഖരിച്ചുവരികയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന സൂചനയുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിങ് പറഞ്ഞു.
ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. റെയിൽവേ സ്‌റ്റേഷനിൽ തങ്ങളുടെ ചാവേർ സംഘങ്ങൾ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്‌താവനയിൽ ബിഎൽഎ അവകാശപ്പെട്ടു. അതേസമയം, ബിഎൽഎയുടെ പങ്ക് സ്‌ഥിരീകരിക്കാൻ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് ഷാഹിദ് റിങ് പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!