കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാൻ ഉള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് സമാധാന കരാറിന് യുക്രൈൻ സമ്മതിച്ചെന്ന വിവരം പുറത്തുവന്നത്. അബുദാബിയിലുള്ള യുക്രൈൻ സംഘവുമായി ഡ്രിസ്‌കോൾ ചർച്ച നടത്തിയിരുന്നു.
സമാധാന കരാർ സംബന്ധിച്ച ചർച്ചയിൽ വലിയ പുരോഗതി കൈവരിച്ചെന്നും എന്നാൽ ചില കാര്യങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്‌ച വ്യക്‌തമാക്കിയിരുന്നു. മൂന്നരവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രൈൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഞായറാഴ്‌ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ചർച്ച നടത്തിയിരുന്നു.
ജനീവയിൽ ചർച്ച ചെയ്‌ത, കരാറിലെ പ്രധാന വ്യവസ്‌ഥകളിൽ പ്രതിനിധികൾ പൊതുധാരണയിൽ എത്തിയെന്ന് യുക്രൈന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. സ്വിറ്റ്‌സർലൻഡിലെ പ്രാഥമിക ചർച്ചയിൽ സമാധാന പദ്ധതിയിലെ പിഴവുകൾ തിരുത്തിയതായും മൊത്തത്തിൽ പ്രതീക്ഷയുണ്ടെന്നും സെലൻസ്‌കി പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ ട്രംപുമായി ചർച്ച നടത്താനുണ്ടെന്നും സൂചിപ്പിച്ചു.
ട്രംപിന്റെ പശ്‌ചിമേഷ്യ കാര്യ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും പുട്ടിന്റെ ഉപദേഷ്‌ടാവ് കിറിൽ ദിമിത്രീയും ചേർന്നാണ് കരാർ കരട് തയ്യാറാക്കിയത്. തുടർന്ന് യുക്രൈൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഏതാനും വ്യവസ്‌ഥകളിൽ ഭേദഗതി വരുത്തുമെന്നാണ് വിവരം.
കരാറിലെ പ്രധാന വ്യവസ്‌ഥകൾ: യുക്രൈൻ നാറ്റോയിൽ ചേരാൻ പാടില്ല, യുക്രൈൻ സൈനികരുടെ എണ്ണം ആറുലക്ഷമായി കുറയ്‌ക്കണം, യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നീ പ്രവിശ്യകളിൽ റഷ്യക്ക് വിട്ടുകൊടുക്കും. ഹേഴ്‌സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കൈയ്യിൽ വയ്‌ക്കും, സാപൊറീഷ്യ ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യക്ക് വിട്ടുകൊടുക്കണം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































