ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ചർച്ചകൾ നടക്കുന്നതിനിടെ സിദ്ധാരാമയ്യയുടെ അടുത്ത അനുയായിയും ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വര സുപ്രധാന പ്രസ്‌താവന നടത്തി. ”കോൺഗ്രസ് ദേശീയ നേതൃത്വം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ ഞങ്ങൾ അത് അംഗീകരിക്കും”- ജി. പരമേശ്വര പറഞ്ഞു.
രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്‌ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. വാക്ക് പാലിക്കുന്നതാണ് ഏറ്റവും വലിയ ശേഷിയെന്ന ഹൈക്കമാൻഡിനെ ഉന്നമിട്ടുകൊണ്ട് ഡികെ ശിവകുമാർ ചർച്ചകൾക്ക് മുൻപ് പ്രസ്‌താവന നടത്തുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ, അത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. എംഎൽഎമാരുടെ പൊതുതാൽപര്യം അനുസരിച്ച് തീരുമാനിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെടുന്നു. എംഎൽഎമാരിൽ കൂടുതൽ പേരും തന്നെയാണ് പിന്തുണയ്‌ക്കുന്നതെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
പുതുമുഖങ്ങളെ ഉൾപ്പടെത്തി മന്ത്രിസഭാ പുനഃസംഘടന ഉടൻ നടപ്പാക്കണമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. എന്നാൽ, മുഖ്യമന്ത്രി സ്‌ഥാനത്തിൽ തീരുമാനം എടുത്തതിന് ശേഷം മതി മന്ത്രിസഭാ പുനഃസംഘടനയെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും മാറ്റത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്‌ഥാനം ലക്ഷ്യമാക്കിയാണ് ശിവകുമാർ കെപിസിസി അധ്യക്ഷ പദവി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി സതീഷ് ജർക്കിഹോളി തുടങ്ങിയ നേതാക്കൾ കെപിസിസി അധ്യക്ഷ സ്‌ഥാനത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ, ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഒരു കോണിൽ നിന്ന് ഉയരുന്നുണ്ട്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































