തിരുവനന്തപുരം: കേരളത്തിൽ എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി സംസ്‌ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്. കേരളത്തിൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്.
ഈ സാമ്പത്തികവർഷം ഒക്‌ടോബർ വരെ ജില്ലയിൽ പുതുതായി എച്ച്ഐവി ബാധിക്കപ്പെട്ടത് 160 പേർക്കാണ്. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്ഐവി കേസുകൾ ജില്ലയിൽ രേഖപ്പെടുത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2022-23 വർഷത്തിൽ ഇവിടുത്തെ പുതിയ എച്ച്ഐവി കേസുകളുടെ എണ്ണത്തിലെ വർധന ശരാശരി 18 ആയിരുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങളും, ലഹരിമരുന്ന് കുത്തിവയ്‌ക്കുന്ന സൂചികൾ പങ്കുവയ്‌ക്കുന്നതുമാണ് ജില്ലയിലെ എച്ച്ഐവി കേസുകളുടെ വർധനയ്‌ക്ക് പിന്നിൽ. എറണാകുളം കഴിഞ്ഞാൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് തിരുവനന്തപുരത്തും തൃശൂരുമാണ്. ഈ സാമ്പത്തികവർഷം ഒക്‌ടോബർ വരെ തിരുവനന്തപുരത്ത് 82ഉം തൃശൂരിൽ 78ഉം പുതിയ കേസുകൾ റിപ്പോർട് ചെയ്‌തു.
20നും 40നും ഇടയിൽ പ്രായമുള്ളവരിലാണ് പ്രധാനമായും കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവർ ഇരുവരുടെയും പശ്‌ചാത്തലം അറിയാതെ ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ട്രെൻഡും എച്ച്ഐവി കേസുകൾ വർധിക്കാനിടയാക്കുന്നതായി സംശയിക്കുന്നു.
യുവാക്കളുടെ റിസ്‌ക് എടുക്കാനുള്ള ഭയമായില്ലായ്‌മയും ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയും കൂടുതൽ പേരിലേക്ക് എച്ച്ഐവി പടരാൻ ഇടയാക്കുന്നുണ്ട്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് പുതുതായി രോഗം കണ്ടെത്തിയവരിൽ ഭൂരിഭാഗവും പുരുഷൻമാരാണ്.
അണുബാധയേൽക്കാനുള്ള സാഹചര്യങ്ങളിലൂടെ അകടന്നുപോയവരെ നേരത്തെ പരിശോധനയ്‌ക്ക് വിധേയരാക്കി ചികിൽസ നൽകുന്നതിനാണ് സംസ്‌ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് പ്രോജക്‌ട് ഡയറക്‌ടർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു. 2030ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ






































