വാഹന വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ. ഇന്ത്യൻ നിരത്തുകളിൽ സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന സ്‌കോഡ, അഞ്ചുലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. നവംബർ മാസത്തെ വിൽപ്പനയുടെയും കൂടി പിന്തുണയിലാണ് അഞ്ചുലക്ഷം എന്ന നമ്പർ കടന്നിരിക്കുന്നത്.
ഒക്‌ടോവിയ എന്ന വാഹനത്തിലൂടെ ഇന്ത്യൻ വാഹന വിപണിയുടെ ഭാഗമായ സ്‌കോഡയ്‌ക്ക് ആദ്യ കാലങ്ങളിൽ ആഡംബര കമ്പനിയുടെ മേൽവിലാസമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയ വാഹനങ്ങൾക്കെല്ലാം ഇന്ത്യയിലെ ആളുകൾ പ്രീമിയം വാഹനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് നൽകിയിരുന്നത്.
ഈ പ്രീമിയം എന്ന ടാഗ്‌ലൈൻ ഒഴിവാക്കി സാധാരണക്കാരുടെ വാഹനം എന്ന നിലയിലേക്കുള്ള സ്‌കോഡയുടെ ചുവടുമാറ്റമുണ്ടായിട്ട് കുറച്ചു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ 5491 യൂണിറ്റിന്റെ വിൽപ്പനയാണ് സ്‌കോഡയ്‌ക്ക് ലഭിച്ചത്. മറ്റു വാഹന നിർമാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ നമ്പറായി തോന്നുമെങ്കിലും 2024 നവംബറിലെ സ്‌കോഡയുടെ വിൽപ്പനയേക്കാൾ 90 ശതമാനത്തിന്റെ വർധനവാണ് ഈവർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
വാഹന നിരയിലേക്ക് മാസ് മാർക്കറ്റ് ഉൽപ്പന്നങ്ങൾ എത്തിച്ചതോടെയാണ് സ്‌കോഡയുടെ വിൽപ്പനയിൽ ഇത്രയും വലിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്. സ്‌കോഡയുടെ വിപുലമാകുന്ന നെറ്റ്‌വർക്കുകളും വാഹനങ്ങൾക്ക് നൽകുന്ന ഓഫറുകളും വിശാലമായ ഉൽപ്പന്ന നിരയുമാണ് അഞ്ചുലക്ഷം എന്ന നാഴികക്കല്ല് കൈവരിച്ചതിലേക്കും പ്രതിമാസ വിൽപ്പനയിലെ കുതിപ്പിലേക്കും നയിച്ചത്.
130 വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്‌കോഡ എന്ന വാഹന നിർമാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ 25 വർഷത്തെ ചരിത്രമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. സെഡാൻ ലെഗസിയുടെ പേരിൽ അറിയപ്പെട്ടിരുന്ന സ്‌കോഡ ഇപ്പോൾ എസ്‌യുവികളിലേക്കുള്ള ചുവടുമാറ്റത്തിലാണ്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ





































