ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ. ഏഷ്യയിലും മിഡിൽ ഈസ്‌റ്റ് മേഖലയിലും ഒന്നാം സ്‌ഥാനം സ്വന്തമാക്കിയാണ് ഒമാന്റെ നേട്ടം. സുരക്ഷ, ആരോഗ്യ സേവനം, കുറഞ്ഞ മലിനീകരണം എന്നിവ റാങ്കിങ്ങിൽ നിർണായകമായി. ഖത്തറാണ് രണ്ടാം സ്‌ഥാനത്ത്.
ഡാറ്റ പ്ളാറ്റ്‌ഫോമായ ‘നംബിയോ’യുടെ 2025ലെ മധ്യവർഷ റിപ്പോർട്ടിലാണ് ആഗോള ജീവിതനിലവാര സൂചികയിൽ ഒമാൻ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയത്. 215 പോയിന്റ് നേടിയാണ് സുപ്രധാന നേട്ടം കൈവരിച്ചത്. സുരക്ഷാ നിലവാരം, കുറഞ്ഞ ജീവിത ചിലവ്, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, കാലാവസ്‌ഥ, ഗതാഗതം എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളുടെ വ്യക്‌തിഗത വിലയിരുത്തലുകൾ എന്നിവയാണ് ഒമാന് നേട്ടമായത്.
ഏറ്റവും കുറഞ്ഞ മലിനീകരണ തോത് ഉള്ള അറബ് രാജ്യം എന്ന നേട്ടവും ഒമാന് സ്വന്തം. ഈ കാറ്റഗറിയിൽ ആഗോളതലത്തിൽ 22ആം സ്‌ഥാനമാണ് ഒമാനുള്ളത്. മികച്ച വായു-ജല ഗുണനിലവാരം, കാര്യക്ഷമമായ ഖരമാലിന്യ സംസ്‌കരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവയാണ് മലിനീകരണ സൂചികയിൽ നേട്ടം കൈവരിക്കാൻ ഒമാനെ സഹായിച്ചത്.
ഒമാന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷൻ 2040 ഭാഗമായി ശുദ്ധമായ ഊർജ ഉപയോഗം, പ്രകൃതിവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളിൽ രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നതും റിപ്പോർട്ടിൽ പറയുന്നു. ആഗോള ജീവിത നിലവാര സൂചികയിൽ ജിസിസി മേഖലയിൽ 289 പോയിന്റുമായി ഖത്തർ ആണ് രണ്ടാം സ്‌ഥാനത്ത്. 174 പോയിന്റുമായി യുഎഇ, 173 പോയിന്റുമായി സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































