മലപ്പുറം: തിരുമിറ്റക്കോട്ട് നിന്ന് അജ്ഞാതസംഘം തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ വ്യവസായി കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദാലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ സംഘം ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പോലീസിനെ വിളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ കോഴിക്കാട്ടിരി പാലത്തിന് സമീപം ആറങ്ങോട്ടുകര- കൂട്ടുപാത റോഡിൽ വെച്ചാണ് മുഹമ്മദാലിയെ സംഘം തട്ടിക്കൊണ്ടുപോയത്. വാഹനം പിന്തുടർന്നെത്തിയ സംഘം മുഹമ്മദാലിയുടെ കാറിന് കുറുകെ സംഘത്തിന്റെ കാർ നിർത്തിയാണ് തട്ടികൊണ്ടുപോയത്.
മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു. വാഹനത്തോടൊപ്പം ഡ്രൈവറെയും റോഡിൽ ഉപേക്ഷിച്ചാണ് അക്രമികൾ മുഹമ്മദാലിയുമായി കടന്നുകളഞ്ഞത്. ഒറ്റപ്പാലത്തിനടുത്തുള്ള കോതകുറുശ്ശിയിൽ ഒരു വീട്ടിലാണ് മുഹമ്മദാലിയെ തടവിലാക്കിയിരുന്നത്. ഇവിടെവെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോയവർ ഉറങ്ങുന്ന സമയത്ത് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മുഹമ്മദാലി പറഞ്ഞു. പിന്നീട് പ്രദേശവാസികളെ കണ്ട് സഹായം അഭ്യർഥിക്കുകയായിരുന്നു. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി മുഹമ്മദാലിലെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമി സംഘത്തെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരച്ചിൽ തുടരുകയാന്നെന്നുമാണ് പോലീസ് നൽകുന്ന വിവരം. സമീപകാലത്ത് ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് ചില വ്യക്തികളുമായി തർക്കം ഉണ്ടായിരുന്നുവെന്ന് മുഹമ്മദാലി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നിലെ വൈരാഗ്യമാകാം തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































