കുട്ടിയെ ഓടയിൽ കൊണ്ടുവന്ന് കിടത്തിയതെന്ന് സൂചന; ദുരൂഹത തുടരുന്നു

കുട്ടി കിടന്നുറങ്ങിയ സ്‌ഥലത്ത്‌ നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായ രാവിലെ മുതൽ പോലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്‌ഥലമാണിത്. ഇതാണ് കേസിൽ ദുരൂഹത കൂട്ടുന്നത്.

By Trainee Reporter, Malabar News
child missing
കുട്ടി ഉറങ്ങിക്കിടന്ന സ്‌ഥലം
Ajwa Travels

തിരുവനന്തപുരം: ചുരുളഴിയാതെ രണ്ടു വയസുകാരിയുടെ തിരോധനാകേസ്. 19 മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസ വാർത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്‌ഥലത്ത്‌ നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായ രാവിലെ മുതൽ പോലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്‌ഥലമാണിത്. ഇതാണ് കേസിൽ ദുരൂഹത കൂട്ടുന്നത്.

പകൽ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായെന്ന് സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്ത് കൂടി കടന്നുപോയ മൊബൈൽ ഫോണുകളുടെ 3000 സിം കാർഡുകളാണ് പോലീസ് ലൊക്കേറ്റ് ചെയ്‌തത്‌. അതിൽ നിന്നൊന്നും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഉച്ചകഴിഞ്ഞു ഡ്രോൺ ഉപയോഗിച്ച് ഈ പ്രദേശത്തെ പൊന്തക്കാടുകളും കുഴികളുമൊക്കെ പരിശോധിച്ചിരുന്നു.

കുട്ടി തനിയെ നടന്നുപോകാൻ സാധ്യതയുണ്ടോ എന്നത് തള്ളിക്കളയാനാകില്ല എന്നതിനാലാണ് ഡ്രോൺ പരിശോധന നടത്തിയത്. എന്നാൽ, അത്രയും ദൂരം നടന്നുപോകുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. തിരച്ചിൽ ശക്‌തമായപ്പോൾ ഇരുട്ടിന്റെ മറവിൽ പ്രതികൾ ഉപേക്ഷിച്ച് പോയതാണോയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് ഉള്ളത്. കുട്ടിയെ കണ്ടെത്തിയ സ്‌ഥലത്ത്‌ സിസിടിവിയൊന്നുമില്ല. സ്‌ഥലത്ത്‌ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

ഇവിടെ ശാസ്‌ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകും. അതേസമയം, എസ്എടി ആശുപത്രിയിൽ ചികിൽസയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്‌ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്യും.

കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിൽസ തുടരുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കുട്ടിയെ സിഡബ്‌ളുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതടക്കമുള്ള വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണ സംഘവും വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇന്നലെ പുലർച്ചെ ഒരുമണിമുതൽ കാണാതായ കുഞ്ഞിനെ രാത്രി 7.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

Most Read| അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE