മുംബൈ: 2026ലെ ട്വിന്റി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി കളിക്കും. ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ.
ഗില്ലിന് പകരം ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് വൈസ് ക്യാപ്‌റ്റൻ. മുംബൈയിലെ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്‌സിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ഷൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ചേർന്നാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ടീം-സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്‌റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്‌ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്‌ദീപ് സിങ്. കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ.
ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കേണ്ടത്. ഏഴിന് യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യ-പാക്കിസ്‌ഥാൻ പോരാട്ടം നടക്കും. ജനുവരി 21ന് നാഗ്‌പൂരിലാണ് ന്യൂസിലൻഡിനെതിരായ ട്വിന്റി20 പരമ്പരയിലെ ആദ്യ മൽസരം. പരമ്പരയിലെ അഞ്ചാം പോരാട്ടം ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കും.
ട്വിന്റി20യിലെ നിലവിലെ ലോക ചാംപ്യൻമാരാണ് ഇന്ത്യ. 2024 ജൂൺ 29ന് ബ്രിജ്‌ടൗണിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ട്വിന്റി20യിലെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ട്വിന്റി20 ലോകകപ്പിൽ ഇതുവരെ ഒരു ടീമും തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടിയിട്ടില്ല.
Most Read| ‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി






































