മസ്‌കത്ത്: സലാല-കേരള സെക്‌ടറുകളിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ്. 2026 മാർച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതം നടത്തും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സർവീസുകൾ.
തുടക്കത്തിൽ 50 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. നേരത്തെ, സമ്മർ ഷെഡ്യൂളിൽ സലാലയിൽ നിന്നും കേരളത്തിലുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കിയത് ദോഫാർ, അൽ വുസ്‌ത മേഖലയിൽ നിന്നുള്ള പ്രവാസി മലയാളികളെ വലച്ചിരുന്നു. ആയിരം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചും കണക്ഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ഇവിടെ നിന്നും മലയാളികൾ നാട്ടിലേക്ക് യാത്ര ചെയ്‌തിരുന്നത്.
മാർച്ച് മുതൽ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കും. മലയാളികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് കേരള സെക്‌ടറുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത്. അതേസമയം, പുതിയ ഷെഡ്യൂളിലും തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളില്ല എന്നത് നിരാശ നൽകുന്നതാണ്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































