നാല് പേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശി ഡോ. അശ്വിൻ യാത്രയാകുന്നത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അശ്വന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ജൂനിയർ റെസിഡന്റ് ഡോക്ടറായിരുന്നു അശ്വിൻ (32). കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും, ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്രയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റലിലെ രോഗിക്കും കൈമാറി.
തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. ഡിസംബർ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴാണ് അശ്വിൻ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണത്.
ഗുരുതരമായി പരിക്കേറ്റ അശ്വിനെ മുക്കാൽ കെഎംസിടിയിലും തുടർന്ന് 27ന് വിദഗ്ധ ചികിൽസയ്ക്കായി കൊല്ലം എൻഎസ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ, 30ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അവയവങ്ങൾ ദാനം ചെയ്യുന്നതിന് കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
തന്റെ അവയവങ്ങൾ മരണാനന്തരം മറ്റൊരാൾക്ക് പ്രയോജനപ്പെടണമെന്നത് അശ്വിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ്. സഹോദരി: അരുണിമ (യുഎഇ).
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































