ബെംഗളൂരു: കർണാടക ഡിജിപിയുടെ അശ്‌ളീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിരമിക്കാൻ നാലുമാസം മാത്രം ബാക്കി നിൽക്കെയാണ് ഡിജിപിക്കെതിരെ നടപടിയെടുത്തത്.
ഓഫീസിലെത്തിയ സഹപ്രവർത്തകയെ രാമചന്ദ്ര റാവു ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒളിക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്ര റാവുവിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു.
ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഓഫീസിനുള്ളിൽ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിജിപി ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാൻ മന്ത്രി തയ്യാറായില്ല.
അതേസമയം, എട്ടുവർഷം മുമ്പത്തെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനായ രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ രന്യ റാവുവിനെ 2025ൽ സ്വർണക്കടത്ത് കേസിൽ റവന്യൂ ഇന്റലിജൻസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
വിമാനത്താവളത്തിലെ പരിശോധന മറികടക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം സർക്കാർ രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയെടുക്കാൻ നിർദ്ദേശിച്ചു. അവധി പൂർത്തിയാക്കി അടുത്തിടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തിയത്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































