കൊച്ചി: കോതമംഗലം പൈങ്ങോട്ടൂരിൽ സ്‌കൂൾ വിദ്യാർഥിക്ക് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. 15 വയസുകാരനാണ് നാലുപേരുടെ ക്രൂരമർദ്ദനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്താനിക്കാട് പോലീസ് നാലുപേർക്കെതിരെയും ജുവനൈൽ ജസ്‌റ്റിസ് നിയമത്തിലെ 325ആം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
നാലുപേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുമ്പാകെ പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മർദ്ദിച്ചവരെ വിളിപ്പിക്കും. ഒരാഴ്‌ച മുമ്പാണ് സംഭവം നടന്നത്.
പൈങ്ങോട്ടൂർ ബസ് സ്‌റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന പോലീസ് എയ്‌ഡ് പോസ്‌റ്റിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം. മൂന്നുപേർ ചേർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്യുന്നതും ഇടയ്‌ക്കിടെ മർദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഒരുഘട്ടത്തിൽ മൂന്നുപേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരിക്കുന്നു.
നാലാമനാണ് ദൃശ്യം പകർത്തിയതെന്ന് കരുതുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മർദ്ദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ ചില കുട്ടികളുടെ മാതാപിതാക്കൾ കരച്ചിലും മറ്റുമായതോടെ പരാതി പറഞ്ഞു തീർക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ പരാതിയുമായി മുന്നോട്ടുനോക്കാൻ മർദ്ദനമേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മർദ്ദിച്ചവരിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ പഠനം നിർത്തിയവരുമാണെന്നാണ് വിവരം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ



































