തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി 20 പാർട്ടി എൻഡിഎയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും.
കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവയ്പ്പാണ് ബിജെപി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. ട്വിന്റി 20 രൂപീകരണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. അടുത്ത ദിവസം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വിന്റി 20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു. നാല് പഞ്ചായത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ ഉണ്ടായിരുന്നതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ളോക്ക് പഞ്ചായത്തും കൈവിട്ടു.
കിഴക്കമ്പലം, ഐക്കാരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കാരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻ സീറ്റും സ്വന്തമാക്കാനായി. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്ടമായത്. തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































