തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രമാണ് പുറത്തുവന്നത്.
മുൻപ് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം മണ്ഡലത്തിൽ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായി തനിക്കുള്ളതെന്നാണ് അടൂർ പ്രകാശ് പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രത്തിലും അടൂർ പ്രകാശിന്റെ സാനിധ്യം ഉണ്ടായിരുന്നു.
രണ്ടാമത്തെ ചിത്രം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. ഏതൊക്കെ തരത്തിൽ തന്നെ മോശക്കാരനാകാൻ ശ്രമിച്ചാലും അതൊന്നും വിജയിക്കില്ലെന്നും, ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. 2019ൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റിയെ കാണുന്നതെന്നും ശബരിമലയിൽ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോറ്റിയുടെ പിതാവ് മരിച്ചപ്പോൾ വീട്ടിൽ പോയിരുന്നണെന്നും അദ്ദേഹം പറഞ്ഞു, ബെംഗളൂരുവിൽ വെച്ച് പോറ്റി തന്ന സമ്മാനത്തിൽ ഈന്തപ്പഴമായിരുന്നു. അത് അവിടെയുള്ളവർക്ക് അപ്പോൾത്തന്നെ കൊടുത്തെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം, പോറ്റിയുടെ വീട്ടിൽ പോയതിൽ വിശദീകരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു







































