കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.
നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട് ചെയ്‌ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, പാർട്ടി പുറത്താക്കിയത് പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്‌ണൻ വെളിപ്പെടുത്തിയത്. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വാർത്തകൾ ശരിവെച്ചുകൊണ്ടാണ് കുഞ്ഞികൃഷ്‌ണൻ രംഗത്തെത്തിയത്.
2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ ഒരുസംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഫണ്ട് വെട്ടിപ്പുമായി പരാതി ഉയർന്നെങ്കിലും പാർട്ടി കാര്യമായെടുത്തിരുന്നില്ല. പാർട്ടിയിൽ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താൻ പറയാൻ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്‌ണൻ പറഞ്ഞത്.
അതേസമയം, പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ ഡിജിപിക്ക് പരാതി നൽകി. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി. കുഞ്ഞികൃഷ്‌ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































