പനാജി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്‍ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമാണ് ഗോവ സർക്കാർ നടത്തുന്നത്.
കുട്ടികളുടെ സാമൂഹിക മാദ്ധ്യമ നിരോധനം എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാനായി ഓസ്‍ട്രേലിയയുടെ നിയമങ്ങൾ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐടി മന്ത്രി രോഹൻ ഖൗണ്ടേ പറഞ്ഞു. സാധ്യമെങ്കിൽ ഗോവയിലും സമാനമായ രീതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്‌തമാക്കി.
സമാനമായ രീതിയിൽ ആന്ധ്രാപ്രദേശും കുട്ടികൾ സാമൂഹിക മാദ്ധ്യമം ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നത് ഓസ്‍ട്രേലിയയിൽ നിരോധിച്ചത്. നിയമം നടപ്പിൽ വന്ന ആദ്യമാസത്തിൽ 4.7 മില്യൻ കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്‍ട്രേലിയ ഡീആക്‌ടിവേറ്റ് ചെയ്‌തെന്നാണ് കണക്കുകൾ.
മലേഷ്യയും ഫ്രാൻസും ഇന്തൊനീഷ്യയും സമാനമായ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായാണ് വിവരം. അതേസമയം, കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ല.
Most Read| പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു


































