തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റാണ് നാളെ രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റിന് മുൻപ് സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങൾ, കേന്ദ്ര സ്‌കീമുകൾ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്‌ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിൽ അനിശ്‌ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകൾ സംസ്‌ഥാന ബജറ്റിൽ പുതുക്കേണ്ടി വരും.
ശമ്പള പരിഷ്‌കരണ പ്രഖ്യാപനം, പുതിയ പെൻഷൻ പദ്ധതി, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾ. തുടർച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.
പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ ബജറ്റിൽ അക്കമിട്ട് നിരത്തും. ബജറ്റിന് പിന്നാലെ സർക്കാരിന്റെ നേട്ടങ്ങളും പ്രഖ്യാപനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ വമ്പൻ പ്രചാരണ പരിപാടിക്കും സർക്കാർ പദ്ധതിയിടുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക വളർച്ച വ്യക്‌തമാക്കുന്ന സാമ്പത്തിക അവലോകനം ഇന്ന് സഭയിൽ വയ്‌ക്കും.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































