ആഗ്ര: താജ്‌മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. വിജയദശമി ദിനത്തിലാണ് സംഘടനയുടെ നാലു പ്രവർത്തകർ താജ്‌മഹലിനുള്ളിൽ കാവിക്കൊടി പറത്തിയത്. ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര പ്രസിഡണ്ട് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലാണ് കൊടി പറത്തിയത്.
താജ്‌മഹൽ ശരിക്കും തേജോ മഹാലയ എന്ന ക്ഷേത്രം ആയിരുന്നുവെന്നും ഹിന്ദുക്കൾക്ക് ഈ സ്‌മാരകം കൈമാറണമെന്നും ഗൗരവ് താക്കൂർ അവകാശപ്പെട്ടു. താൻ ഇതിനോടകം 5 തവണ താജ്‌മഹലിലെത്തി ശിവഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
കാവിക്കൊടി പറത്തുന്നതിന്റെ ദൃശ്യങ്ങൾ ജാഗരൺ മഞ്ച് തന്നെ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയിൽ ഗൗരവ് താക്കൂർ ഒരു ബെഞ്ചിലായി താജിന്റെ മുൻപിൽ ഇരിക്കുന്നതും അടുത്തൊരാൾ കാവിക്കൊടിയുമായി നിൽക്കുന്നതും വ്യക്‌തമാണ്. കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
എന്നാൽ യുവാക്കളുടെ പക്കലുണ്ടായിരുന്നത് ആർഎസ്എസ് കൊടിയല്ലായെന്നും വിജയദശമി പതാകയാണെന്നും ബിജെപി നേതാവ് മനീഷ് ശുക്ള പ്രതികരിച്ചു. എപ്പോഴാണ് സംഭവമെന്ന് അറിയില്ലെന്നും, ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നും സിഐഎസ്എഫ് കമാൻഡന്റ് രാഹുൽ യാദവ് അറിയിച്ചു.
Read also: എതിർപ്പിന് അവസാനം; കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സിപിഎം







































