എതിർപ്പിന് അവസാനം; കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സിപിഎം

By News Desk, Malabar News
cpm pb approves congress alliance in bengal
Representational Image
Ajwa Travels

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ സിപിഎം കേരളാ ഘടകം ഉയർത്തിയിരുന്ന എതിർപ്പ് അവസാനിച്ചു. സഖ്യത്തിന് സിപിഎം പോളിറ്റ് ബ്യൂറോ (പി.ബി) അനുമതി നൽകിയതിനെ തുടർന്ന് തമിഴ്‌നാട്, അസം, തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കൂടുതൽ സംസ്‌ഥാനങ്ങളിലും സീറ്റ് ധാരണ ഉണ്ടായേക്കും. ദേശീയ സാഹചര്യം മാറിയതിനാൽ പാർട്ടിക്ക് മുന്നോട്ട് പോകുവാൻ രാഷ്‌ട്രീയ മാറ്റങ്ങൾ ആവശ്യമാണെന്നാണ് പി.ബി വിലയിരുത്തുന്നത്.

ബംഗാളിൽ കോൺഗ്രസുമായുള്ള സീറ്റ് ധാരണയെ സിപിഎം കേരളാ ഘടകം ശക്‌തമായി എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ കോൺഗ്രസ് സഖ്യത്തിന് കേരളാ ഘടകം സമ്മതം മൂളുകയായിരുന്നു. സീറ്റ് ധാരണയല്ലാതെ മറ്റ് വഴികളില്ലെന്ന് കേരളാ സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. പി.ബിയുടെ നിലപാടിനെ കേരളത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളും അനുകൂലിച്ചു എന്നാണ് സൂചന.

അന്തിമ തീരുമാനം ഈ മാസം 30 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിലുണ്ടാകും. ഇതോടെ സിപിഎമ്മിനുള്ളിൽ വർഷങ്ങളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതക്കാണ്‌ അവസാനമാകുന്നത്. 2016ൽ ഇത് സംബന്ധിച്ച് ബംഗാൾ ഘടകം നിർദ്ദേശം മുന്നോട്ട് വെച്ചപ്പോൾ കേന്ദ്ര കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. കേരളാ ഘടകത്തിന്റെ ശക്‌തമായ എതിർപ്പായിരുന്നു കാരണം. നിലവിലെ സാഹചര്യത്തിൽ പി.ബിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾ നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസ് ആയിരുന്നു മുഖ്യശത്രു. എന്നാൽ, നിലവിൽ ബിജെപി സംസ്‌ഥാനത്ത്‌ അധികാരം പിടിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ്. അതിനാൽ കോൺഗ്രസിന്റെ പിന്തുണ കൂടിയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് പി.ബിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE