തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എകെ ബാലൻ. ശിവശങ്കറിന്റെ കസ്‌റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തും ഇതുപോലെയുള്ള ഉദ്യോഗസ്‌ഥർ ഉണ്ടായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശിവശങ്കറിനെ ഇ.ഡി കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇ.ഡിയുടേയും കസ്‌റ്റംസിന്റേയും എന്‍ഐഎയുടേയും മുന്നില്‍ ഹാജരായി മൊഴികൊടുത്തതാണ്. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ആര്‍ക്കും ആക്ഷേപമില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട്. സര്‍ക്കാരിന് ഇതൊരു തിരിച്ചടി അല്ല’- മന്ത്രി പറഞ്ഞു.
Also Read: കള്ളപ്പണം വെളുപ്പിച്ച കേസ്; ഇഡി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു
സർക്കാർ തന്നെയാണ് ഏത് അന്വേഷണവുമാകാം എന്ന നിലപാടെടുത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ഉദ്യോഗസ്‌ഥരെ പൂർണമായി മനസിലാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിക്കില്ലന്നും എ.കെ ബാലൻ പറയുന്നു. ഇങ്ങനെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









































