കാർട്ടൂൺ വിവാദം; പാകിസ്‌ഥാനിലും ബംഗ്ളാദേശിലും വ്യാപക പ്രതിഷേധം; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഫ്രാൻസ്

By News Desk, Malabar News
France Thanked India
Narendra Modi, Emmanuel Macron
Ajwa Travels

പാരീസ്: ഫ്രാൻസിൽ മൂന്നാമത്തെ ഭീകരാക്രമണം നടന്നതിന് പിന്നാലെയും ചാർളി ഹെബ്‌ദോയുടെ വിവാദ കാർട്ടൂണുകൾക്കെതിരെ പാകിസ്‌ഥാനിലും ബംഗ്ളാദേശിലും പ്രതിഷേധം കനക്കുന്നു. കാർട്ടൂണുകളെ പിന്തുണച്ചതിന്റെ പേരിൽ ഫ്രാൻസിനെതിരെ തുർക്കി നയതന്ത്ര യുദ്ധത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇസ്‌ലാമിക രാജ്യങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നത്. ഫ്രാൻസ് ഇസ്‌ലാമിന്റെ ശത്രുവാണെന്നും ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണെമെന്നും ആവശ്യപ്പെട്ടായിരുന്നു ബംഗ്ളാദേശിൽ വൻ റാലി സംഘടിപ്പിച്ചത്.

പാക് നേതാക്കളിൽ നിന്നുള്ള പ്രതിഷേധം ശക്‌തമായതോടെ പാകിസ്‌ഥാനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഫ്രഞ്ച് നേതാക്കളും രംഗത്തെത്തിയിരുന്നു. പാകിസ്‌ഥാനിൽ നിന്നുള്ള കുടിയേറ്റം തടയണമെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും നാഷണൽ റാലി പാർട്ടി നേതാവ് മറീൻ ലെ പെ പ്രതികരിച്ചു. അംബാസഡറുടെ തലയറുക്കണമെന്ന് പ്രതിഷേധം ഉയർന്ന ബംഗ്ളാദേശിൽ നിന്നും പാകിസ്‌ഥാനിൽ നിന്നുമുള്ള കുടിയേറ്റം വിലക്കണമെന്ന് അവർ ട്വീറ്റ് ചെയ്‌തു.

അതേസമയം, ഫ്രാൻസിനും പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. വിവാദ സംഭവങ്ങൾക്കിടെ ഫ്രാൻസിനെ പിന്തുണക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫ്രാൻസിനെതിരെയുള്ള പ്രതിഷേധങ്ങളെ അപലപിക്കുന്നതായും ഫ്രഞ്ച് പ്രസിഡണ്ടിനെ പിന്തുണക്കുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. നീസിൽ നടന്ന ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി, ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ത്യക്ക് ഫ്രഞ്ച് സർക്കാർ നന്ദി രേഖപ്പെടുത്തിയത്.

ഫ്രാൻസിനെ പിന്തുണച്ച് രംഗത്തെത്തുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. ഇതുവരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും കാനഡയും മാത്രമാണ് ഫ്രാൻസിനെ നിരുപാധികം പിന്തുണച്ചത്. ഫ്രാൻസിലെ ഭീകരാക്രമണത്തിൽ യുഎസും യുകെയും അപലപിച്ചിട്ടുണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റിയോ വിവാദ കാർട്ടൂണുകളെ പറ്റിയോ ഇതുവരെ പരാമർശം നടത്തിയിരുന്നില്ല. എന്നാൽ, ഫ്രാൻസും ഇന്ത്യയും ഭീകരാക്രമണങ്ങളുടെ ഇരകളാണെന്നും മതേതരത്വത്തെ ലക്ഷ്യമിട്ടുള്ള തീവ്രവാദ ആശയങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

അതേസമയം, തുർക്കി ഉൾപ്പടെയുള്ള രാജ്യങ്ങൾ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കടന്നാക്രമിക്കുകയാണ്. ഇതിനിടെയാണ് മക്രോണിന് ഇന്ത്യയുടെ നേരിട്ടുള്ള പിന്തുണ. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റിയോ വിവാദ കാർട്ടൂണുകളെ പറ്റിയോ പരാമർശിക്കാതെയുള്ള പിന്തുണ തുർക്കി ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുള്ള സന്ദേശമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉയർന്ന് വരുന്ന പ്രതിഷേധങ്ങളെ തുടർന്ന് ഫ്രാൻസ് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും മുന്നിൽ ആയിരക്കണക്കിന് സുരക്ഷാ സൈനികരെയാണ് വിന്യസിച്ചത്. ടുണീഷ്യൻ പൗരനായ 21കാരൻ നീസിലെ പള്ളിയിൽ നടത്തിയ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് സർക്കാരിന്റെ നടപടികൾ. ‌

Also Read: ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE