തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെക്കേണ്ടെന്ന നിലപാട് സിപിഐഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ സുപ്രധാനമായ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഐഎമ്മിന്റെ ഏകഭരണം നിലനിൽക്കുന്ന സംസ്ഥാനത്തെ കുറിച്ച് വിശദമായ ചർച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മാത്രമല്ല, പാർട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും വെള്ളപൂശാനാണ് ശ്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഈ പാർട്ടിയെ ആർക്കും രക്ഷിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read: ബിനീഷിന്റെ അറസ്റ്റ്; കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി
വിഎസ് അച്യുതാനന്ദൻ നട്ടെല്ലുള്ള നേതാവായിരുന്നു. അങ്ങനെയുള്ള നേതാക്കൾക്ക് ആർജവത്തോടെ സംസാരിക്കാനാകാത്തതാണ് സിപിഐഎമ്മിന്റെ ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ആർജവബോധമുള്ള ചോദ്യം ചെയ്യുന്ന ഒരു തലമുറയെ നിർഭാഗ്യവശാൽ സിപിഐഎമ്മിന് നഷ്ടമായെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കലാപത്തിന്റെ കൊടി ഉയർത്തുന്ന ആളുകളെ അരിഞ്ഞു തള്ളുക എന്ന പാരമ്പര്യം അറിയാവുന്നത് കൊണ്ടാണോ യുവ നേതാക്കൾ വിഷയങ്ങളിൽ സത്യസന്ധമായി പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.







































