തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിപിഎം. റെയ്‌ഡിന്റെ ഭാഗമായി 26 മണിക്കൂറോളം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ഇഡിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇഡി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാണിക്കും.
എന്നാൽ ബിനീഷിന്റെ പേരിലുള്ള അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സിപിഎം വ്യക്‌തമാക്കി. എകെജി സെന്ററിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും യോഗത്തിൽ പങ്കെടുത്തിരുന്നു.
Also Read: സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ
അതേസമയം, ഇഡി കണ്ടെത്തിയെന്ന് പറയുന്ന രേഖകളിൽ പലതും വ്യാജമായ് സൃഷ്‌ടിച്ച തെളിവുകളാണെന്നും തങ്ങളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തവയല്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ വ്യക്‌തമാക്കി. ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞു, അതിന്റെ സ്‌റ്റേറ്റ്‌മെന്റിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ കാർഡിൽ ഒപ്പിടണമെന്നും ഇഡി ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയതായി റെനീറ്റ പറഞ്ഞു.







































