ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാന്മാർ കൂടി വീരമൃത്യു വരിച്ചു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ഒരു സ്പെഷ്യൽ പോലീസ് ഓഫീസറും ഇന്നലെ മരണപ്പെട്ടിരുന്നു. ലക്ഷ്കർ ഇ തൊയിബയുടെ മുതിർന്ന കമാൻഡറായ സജ്ജാദ് ഹൈദർ ഉൾപ്പെടെ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.
ഇന്നലെ ബാരാമുള്ള ജില്ലയിലെ ക്രീരി പ്രദേശത്തുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയ ഭീകരരെ പിടികൂടാൻ സുരക്ഷാസേന നടത്തിയ നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കൂടുതൽ ഭീകരർ സ്ഥലത്ത് എത്തിയതോടെ വെടിവെപ്പിൽ രണ്ട് ജവാന്മാർക്ക് സാരമായി പരിക്കേറ്റിരുന്നു. അതിലൊരാൾ ഇന്നലെയും മറ്റൊരു സൈനികൻ ഇന്നും മരണപ്പെടുകയായിരുന്നു.
ഈ വർഷം ജൂലൈയിൽ ബിജെപി നേതാവ് വസീം ബാരിയേയും കുടുംബത്തേയും ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ വ്യക്തിയാണ് സജ്ജാദ് ഹൈദർ എന്നാണ് പോലീസ് നൽകുന്ന വിവരം. താഴ്വരയിലെ ഏറ്റവും അപകടകാരികളിൽ ഒരാളായ സജ്ജാദിന്റെ മരണം സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായി പോലീസ് അറിയിച്ചു.
സ്പെഷ്യൽ പോലീസ് ഓഫീസർ മുസാഫർ അലി, സിആർപിഎഫ് കോൺസ്റ്റബിൾമാരായ ലോകേഷ് ശർമ, ഖുർഷിദ് ഖാൻ എന്നിവരാണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ.






































