കൊച്ചി: സംസ്‌ഥാന വ്യാപകമായി ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ നടക്കുന്ന പരിശോധന ഇന്നും തുടരും. വൻ സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഡെൽഹിയിലും കേരളത്തിലുമായി അഞ്ച് കോടിയോളം കണക്കിൽ പെടാത്ത പണമാണ് പിടിച്ചെടുത്തത്. തിരുവല്ലയിലെ ആസ്‌ഥാനത്തെ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് 57 ലക്ഷം രൂപ വ്യാഴാഴ്‌ച കണ്ടെത്തിയിരുന്നു. ബാക്കി തുക വിവിധ ഓഫീസുകളിൽ നിന്നുമാണ് കണ്ടെത്തിയത്.
ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്കായി വിദേശത്ത് നിന്ന് എത്തിയ പണം റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടി രൂപയോളമാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സർക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. കണക്കുകൾ നൽകിയതിലും പൊരുത്തക്കേടുകളുണ്ട്. അതിനാൽ, വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
രാഷ്‌ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്‌ട്രീയ നേതാക്കളുടെ ചികിൽസാ ചെലവ് വഹിച്ച രേഖകളും പരിശോധനയിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
ഇന്നലെ രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് ആസ്‌ഥാനത്തെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ് ആരംഭിച്ചത്. ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും റെയ്‌ഡ് നടക്കുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്‌ഥാനത്ത് നിന്നുള്ള ഉദ്യോഗസ്‌ഥരാണ് നേതൃത്വം നൽകുന്നത്. 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിർണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഡെല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്.







































