കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് മാത്രമായിരുന്നു ക്യാബിനകത്ത് അനുവദിച്ചിരുന്നത്.
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് 7 കിലോ ഭാരമുള്ള ഹാൻഡ് ബാഗുകൾ അനുവദിക്കാൻ വ്യോമയാന വകുപ്പ് തീരുമാനിച്ചത്. പിസിആർ പരിശോധന നിർബന്ധമാക്കിയ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈറ്റിൽ നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കും യാത്ര ചെയ്യുന്നവർ മുൻകൂറായി രജിസ്റ്റർ ചെയ്യണം. വിമാന ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരനെ മാത്രമേ അനുവദിക്കുകയുള്ളു. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് ഇതിന് ഇളവ് നൽകുക. ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 30 ശതമാനം ശേഷിയിലാണ് കുവൈറ്റിലെ വിമാനത്താവളങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓരോ ദിവസവും 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാകുക. ജനുവരി 31 വരെയെങ്കിലും ഈ സ്ഥിതി തുടരുമെന്നാണ് സൂചനകൾ.
Read also: ഷാങ്ഹായ് ഉച്ചകോടി; കശ്മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മോദി







































