കാസർഗോഡ്: കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ഞാണങ്കൈ വളവിൽ നിന്ന് ചന്തേര പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച അറയിൽ നിന്നാണ് പണം കണ്ടെടുത്തത്. തൊട്ടടുത്ത സീറ്റിനടിയിലും, കാറിന്റെ പിറകുവശത്തെ സീറ്റിന്റെ വശത്തും ഇത്തരത്തിൽ രഹസ്യ അറകൾ ഉണ്ട്. കാറിൽ നിന്ന് കണ്ടെത്തിയത് കുഴൽപ്പണമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കാറിലെത്തിയ ഒരു സംഘം മറ്റൊരു കാർ ആക്രമിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 8.45ഓടെ ചന്തേര എസ്ഐമാരായ മെൽബിൻ ജോസ്, ടിവി പ്രസന്നൻ എന്നിവർ സ്ഥലത്തെത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ റോഡിൽ കാർ കണ്ടത്. ഡ്രൈവറുടെ സീറ്റിനടുത്തുള്ള ഗ്ളാസ് തകർത്ത നിലയിലായിരുന്നു.
കാറിൽ നിന്ന് കണ്ണൂർ കക്കാടെ നൗഫലിന്റെ ഡ്രൈവിങ് ലൈസൻസ് കണ്ടുകിട്ടിയിട്ടുണ്ട്. കണ്ണൂർ കൊളവല്ലൂരിലെ അബ്ദുൽ അസീസിന്റെ പേരിലുള്ളതാണ് കാറെന്ന് പോലീസ് പറഞ്ഞു. ഇയാൾ കാർ വാടകക്ക് നൽകിയതാണ് എന്നാണ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Malabar News: ‘കോടിയേരി സ്ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു







































