കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ പെരുകുന്നു. ഇന്ന് 22 പേർ കൂടി പരാതി നൽകി. ഈ പരാതികളിൽ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. നേരത്തെ രജിസ്‌റ്റർ ചെയ്‌തതുൾപ്പടെ ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് കണക്കാക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ജ്വല്ലറി ഉടമ മൊയ്‌ദു ഹാജി ഇപ്പോഴും ഒളിവിലാണ്. ഇതുവരെ ആറ് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. 22 പരാതികൾ കൂടി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ കേസുകൾ ഇനി രജിസ്‌റ്റർ ചെയ്യും. കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് പയ്യന്നൂരിൽ നടന്ന വൻ നിക്ഷേപ തട്ടിപ്പ് പുറത്ത് വന്നത്.
2016 മുതൽ 2019 വരെ പയ്യന്നൂർ പുതിയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് പരാതികൾ ഉയർന്നിരിക്കുന്നത്. തൃക്കരിപ്പൂർ സ്വദേശി നൂറുദ്ദീനിൽ നിന്ന് 15 ലക്ഷം രൂപയും കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമിൽ നിന്ന് 20 ലക്ഷവും പെരുമ്പ സ്വദേശി കുഞ്ഞാലിമയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും പണമായി സ്വീകരിച്ചെന്നും വ്യവസ്‌ഥകൾ ലംഘിച്ച് പണം തിരികെ നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി. പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ ആളുകൾ രംഗത്തെത്തിയത്.
നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് 1000 രൂപ നിരക്കിൽ ഡിവിഡന്റ് തരാമെന്നും മൂന്ന് മാസം മുമ്പ് അറിയിച്ചാൽ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്‌ഥയിലാണ് പണം സ്വീകരിച്ചത്. ആളുകളിൽ നിന്ന് നിക്ഷേപം നേരിട്ട് സ്വീകരിച്ച ജ്വല്ലറി എംഡി പികെ മൊയ്‌ദു ഹാജിക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read: കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജ്വല്ലറിയുടെ മറ്റ് ഡയറക്‌ടർമാർ വിദേശത്തേക്ക് കടന്നെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നിക്ഷേപമായി കിട്ടിയ പണം ഡയറക്‌ടർമാർ വകമാറ്റി ഉപയോഗിച്ചത് കൊണ്ടാണ് ജ്വല്ലറി തകർന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. ജ്വല്ലറി പൂട്ടിയെങ്കിലും പണം ഉടനെ തിരികെ തരാമെന്ന് ഉറപ്പ് നൽകിയത് കൊണ്ടാണ് ആരും ഇതുവരെ പരാതി നൽകാതിരുന്നത്. പോലീസിൽ പരാതി എത്തിയതിന് പിന്നാലെയാണ് മൊയ്‌ദു ഹാജി ഒളിവിൽ പോയത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്.







































