കണ്ണൂർ: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവർത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വിദേശത്ത് നിന്നുള്ള ഏഴെണ്ണമടക്കം 15 പരാതികളാണ് ഇന്നു മാത്രം ലഭിച്ചത്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി. എന്നാൽ പലർക്കും പണം തിരിച്ചു വേണം എന്നു മാത്രമാണ് ആവശ്യം. അതിനാൽ ചില പരാതികളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് പയ്യന്നൂർ പോലീസ് പറഞ്ഞു.
ഇതുവരെ 21 പരാതികളാണ് ജ്വല്ലറിക്കെതിരെ ലഭിച്ചത്. ഇതിൽ ആറ് പരാതികളിൽ മാത്രമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം.
ജ്വല്ലറി എംഡി പികെ മൊയ്‌തു ഹാജി ഒളിവിലാണെന്നാണ് സൂചന. 2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയിൽ പ്രവർത്തിച്ച അമാൻ ഗോൾഡ് ജ്വല്ലറിയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. 2019ൽ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല. തുടർന്ന് പികെ മൊയ്‌തു ഹാജി നേരിട്ടെത്തി പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതായതോടെ നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Malabar News: സംസ്‌ഥാനത്ത് വില്‍പന നിരോധിച്ച ഒന്നരകോടിയുടെ സിഗരറ്റ് കാസര്‍ഗോഡ് പിടികൂടി