വാഷിങ്ടൻ: ഇറാനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ ആണവ സംഘർഷമാക്കി മാറ്റാൻ ആഗ്രഹമില്ല. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകം തന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ആണവായുധങ്ങൾ വിന്യസിക്കാൻ യാതൊരു പദ്ധതിയുമില്ല. ഞങ്ങൾ എന്തിന് ആണവായുധം പ്രയോഗിക്കണം? അവയില്ലാതെ തന്നെ, വളരെ പരമ്പരാഗത ശൈലിയിൽ അവരെ പൂർണമായും നശിപ്പിച്ചുകഴിഞ്ഞു. ആണവായുധം ഉപയോഗിക്കാൻ ആരെയും അനുവദിക്കാൻ പാടുള്ളതല്ല”- ട്രംപ് പറഞ്ഞു.
അതേസമയം, സമാധാന കരാറിൽ ഏർപ്പെടാൻ ഇറാന് മുന്നിലുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ ജോർജ് എച്ച്ഡബ്‌ള്യൂ ബുഷ് പശ്‌ചിമേഷ്യയിൽ എത്തിയതിനിടെയാണ് ട്രംപിന്റെ പരാമർശം. ഹോർമുസിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനിടെ പിടിക്കപ്പെടുന്ന ഏത് ഇറാനിയൻ ബോട്ടിനെയും തകർത്തുകളയാൻ യുഎസ് നേവിക്ക് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ വെടിനിർത്തൽ മൂന്നാഴ്‌ച കൂടി നീട്ടാൻ തീരുമാനിച്ചതായി ട്രംപ് വ്യക്‌തമാക്കി. ചരിത്രപരമായ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം





































