എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ

By Desk Reporter, Malabar News
Kerala MBBS Students_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ഈ വർഷത്തെ മെഡിക്കൽ പ്രവേശനം മാറ്റിവച്ചു. ആശയക്കുഴപ്പങ്ങൾ തീർന്ന ശേഷമായിരിക്കും പുതിയ തീയതിയുടെ പ്രഖ്യാപനം.

ഫീസ്‌ നിർണയ സമിതിയായ ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി, കോളേജുകളുടെ സൗകര്യങ്ങളും അവയുടെ നടത്തിപ്പ് ചെലവുകളും ആനുപാതികമായ ലാഭവും പഠിച്ച് നിശ്‌ചയിച്ച ഫീസ്‌ ഹൈക്കോടതി റദ്ദാക്കിയേക്കും. സ്വാശ്രയ മെഡിക്കൽ കോളജ് നടത്തിപ്പുകാരുടെ താൽപര്യം പൂർണമായും സംരക്ഷിച്ചു കൊണ്ട് ഹൈകോടതി പുനർനിർണയിക്കുന്ന ഫീസ് ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി നിർദ്ദേശിച്ചതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെയായി ഉയരും.

സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് അവരവർ നൽകുന്ന സൗകര്യങ്ങളനുസരിച്ച്‌ ഒരു വർഷത്തിൽ 6.22 മുതൽ 7.65 ലക്ഷം രൂപവരെയാണ് ജസ്‌റ്റിസ്‌ രാജേന്ദ്ര ബാബു കമ്മിറ്റി 2020-21ലെ ഫീസായി നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ, 11 ലക്ഷം മുതൽ 22 ലക്ഷംവരെ ഫീസ് വേണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്വാശ്രയ മെഡിക്കൽ കോളേജ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.

ഹൈകോടതി, മെഡിക്കൽ കോളേജ് ഉടമകളുടെയും രക്ഷിതാക്കളുടെയും വാദങ്ങൾ കേട്ട ശേഷം, ഉടമകൾ ആവശ്യപ്പെടുന്ന ഫീസ് എത്രയാണോ അത് വിദ്യാർഥികളെ അറിയിക്കണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ഇറക്കിയിരിക്കുന്നത്. ഈ വിജ്‌ഞാപനം അനുസരിച്ച് വാർഷിക ഫീസ് 6.5 ലക്ഷം എന്നത് 11 ലക്ഷമായും 7.7 ലക്ഷം എന്നത് 22 ലക്ഷമായും ഉയരും എൻആർഐ സീറ്റിൽ 20 എന്നത് 30 ലക്ഷമായും ഉയരും.

വിവിധ എംബിബിഎസ് കോളേജുകളും അവരുടെ ഫീസും

  1. കൊല്ലത്തുള്ള ട്രാവൻകൂർ മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.55 ലക്ഷം – പുതിയ ഫീസ് 11 ലക്ഷം)
  2. കോഴിക്കോട് പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.55 ലക്ഷം – പുതിയ ഫീസ് 12.37 ലക്ഷം)
  3. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.49 ലക്ഷം – പുതിയ ഫീസ് 12 ലക്ഷം)
  4. വെഞ്ഞാറമൂട് ആസ്‌ഥാനമായ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.55 ലക്ഷം – പുതിയ ഫീസ് 12.65 ലക്ഷം)
  5. പാലക്കാട് ജില്ലയിലെ പികെ ദാസ് മെഡിക്കൽകോളേജ് (പഴയ ഫീസ് 7.7 ലക്ഷം – പുതിയ ഫീസ് 22 ലക്ഷം)
  6. കരുണ മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.33 ലക്ഷം – പുതിയ ഫീസ് 19.5 ലക്ഷം)
  7. അടൂരിലുള്ള മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.51 ലക്ഷം – പുതിയ ഫീസ് 15 ലക്ഷം)
  8. തൊടുപുഴയിലെ അൽ-അസ്ഹർ മെഡിക്കൽ കോളേജ് (പഴയ ഫീസ് 6.55 ലക്ഷം – പുതിയ ഫീസ് 15.42 ലക്ഷം)
  9. വയനാട്ടിലെ ഡിഎം മെഡിക്കൽ കോളേജ് (പഴയ ഫീസ് 7.1 ലക്ഷം – പുതിയ ഫീസ് 15 ലക്ഷം)
  10. ബിലീവേഴ്‌സ്‌ ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ല (പഴയ ഫീസ് 6.55 ലക്ഷം – പുതിയ ഫീസ് 11.55 ലക്ഷം)

മുകളിൽ പറഞ്ഞിരിക്കുന്ന പത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കാണ് അവരാവശ്യപ്പെടുന്ന ഫീസ് നൽകണം എന്ന ഹൈകോടതി ഉത്തരവ് ബാധകമാക്കുന്നത്. ഈവർഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ബാക്കിവരുന്ന 9 ഇടത്ത് ആവശ്യപ്പെടുന്ന ഫീസ് ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്‌ഥകൾ അവിടെയും ബാധകമായിരിക്കുമെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണർ വ്യക്‌തമാക്കുന്നത്‌. ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി നിശ്‌ചയിച്ച ഫീസ് അനുസരിച്ച്, അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്തി എംബിബിഎസിന് പ്രവേശനം കാത്തിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ വർധന കേട്ട് അങ്കലാപ്പിലാണ്.

സമ്പന്നർക്ക് അനുകൂലമായ ഈ വിധി ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്‌ടിക്കും

മെച്ചപ്പെട്ട റാങ്കുള്ള, സർക്കാർ കോളേജിൽ അഡ്‌മിഷൻ കിട്ടാത്ത കുട്ടികൾക്ക് മുന്നിൽ എംബിബിഎസ് പഠനം എന്നത് വെറുമൊരു സ്വപ്‍നം മാത്രമായി മാറുന്ന സ്‌ഥിതി വിശേഷമാണ് സംജാതമാകുന്നത്. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഴയ ഫീസിൽ തുടർന്ന് പഠിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്‌തതയും നൽകിയിട്ടില്ല.

തുടർപഠനം ഫീസ് വർധമൂലം മാറ്റിവെക്കേണ്ടിവന്നാൽ അതുണ്ടാക്കുന്ന പ്രത്യഘാതങ്ങൾ ഗുരുതരമായിരിക്കും. പഠനം മുടങ്ങിയാൽ അത് കുട്ടികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യഘാതങ്ങൾ ആത്‍മഹത്യകളിലേക്ക് വരെ എത്തിച്ചേക്കും പ്രശസ്‌ത മനഃശാസ്‌ത്ര വിദഗ്‌ധൻ ഡോ. അനിൽകുമാർ വ്യക്‌തമാക്കി.

ഫീസ്‌ നിർണയ സമിതിയായ ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി നിരവധി പഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ റിപ്പോട്ടിനെ മാനിക്കാതെ ബഹു ഹൈകോടതി ഇത്തരമൊരു ഉത്തരവിലേക്ക് എത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ഒരു കുട്ടിക്ക് എംബിബിഎസ് പഠിക്കാൻ മാസത്തിൽ 1 ലക്ഷം മുതൽ 2 ലക്ഷം രൂപവരെ ഫീസും ഹോസ്‌റ്റൽ ഉൾപ്പടെയുള്ള മറ്റുചെലവുകളും കണ്ടെത്തുക എന്നത് സമ്പന്നർക്ക് മാത്രം സാധ്യമായ കാര്യമാണ്. സമ്പന്നർ മാത്രം എംബിബിഎസ് പഠിപ്പിച്ചാൽ മതി എന്നാരു അവസ്‌ഥയിലേക്കാണ് കേരളം പോകുന്നത്. അനിൽകുമാർ കൂട്ടിച്ചേർത്തു.

സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും

ഫീസ്‌ നിർണയിക്കാനുള്ള അധികാരം ഫീസ്‌ നിർണയ സമിതിയായ ജസ്‌റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റിക്ക്‌ അല്ലെന്നുള്ള ഹൈക്കോടതി നിലപാടിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. സ്വാശ്രയ മെഡിക്കൽ കോളജ് ഉടമകൾ ആവശ്യപ്പെട്ട ഫീസാണ്‌ കോടതി നിർണയിക്കുന്നതെങ്കിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാർഥികൾക്ക്‌ പഠനം അസാധ്യമാകും.

ഫീസ്‌ നിർണയത്തിനുള്ള പൂർണ അധികാരം സംസ്‌ഥാനങ്ങളിലെ ഫീസ്‌ നിർണയ സമിതിക്ക്‌ മാത്രമാണെന്ന്‌ മുൻപ് മറ്റൊരു വിധിയിൽ സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌‌. ഫീസ്‌ നിർണയിക്കാൻ ഹൈക്കോടതിക്ക്‌ അധികാരമില്ലെന്ന് വ്യക്‌തമാക്കിയ സുപ്രീംകോടതി‌ ഹൈക്കോടതി സമിതിയെ നിയോഗിക്കുന്നത്‌ തടഞ്ഞിരുന്നു‌‌‌. അതുകൊണ്ട് തന്നെ സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്‌ സൂചന.

Read More: കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE