കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം

By Desk Reporter, Malabar News
Fake Doctors_ Malabar News
കഴിഞ്ഞ ദിവസങ്ങളിൽ അറസ്‌റ്റിലായ വ്യാജ ഡോക്‌ടർമാർ അജയ് രാജുവും സംഗീത ബാലകൃഷ്‌ണനും
Ajwa Travels

എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്‌ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്‌ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്‌റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ ജില്ലയിലെ റൂറൽ എസ്‌പി കെ കാർത്തികിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിലാണ് രണ്ട് വ്യാജൻമാരും പിടിക്കപ്പെട്ടത്.

എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിൽ പ്രവർത്തിച്ചിരുന്ന മരിയ ക്ളിനിക്കിൽ രണ്ടു മാസമായി രോഗികളെ ചികിൽസിച്ചിരുന്ന റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്‌ണനാണ് പിടിയിലായത്. 45 വയസുള്ള ഇവർ 2002ൽ കർണാടകയിൽ നിന്ന് എംബിബിഎസ് ജയിച്ചതായി അവകാശപ്പെട്ടിരുന്നു.

ഒറിജിനലിനെ വെല്ലുന്ന വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടപ്പോൾ ഇവർ ഫാർമസി ഡിപ്ളോമ കോഴ്‌സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്ന് പൊലീസിന് വ്യക്‌തമായി. രോഗികളെ പരിശോധിക്കുന്ന സമയത്താണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. ക്ളിനിക്ക് ഉടമ ഒളിവിലാണ്.

രണ്ടാമത്തെ കേസും ആലുവക്ക് സമീപത്ത് തന്നെയാണ് റിപ്പോർട്ട് ചെയ്‌തത്‌. സംഗീത ബാലകൃഷ്‌ണനെ അറസ്‌റ്റ് ചെയ്‌ത വാർത്ത വായിച്ച ചിലർ നൽകിയ സൂചനയുടെ അടിസ്‌ഥാനത്തിലും സംഗീതയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലുമാണ്‌ മഞ്ഞപ്രയിലുള്ള സ്വകാര്യ ആശുപത്രിയിൽ പോലീസ് റെയ്‌ഡ്‌ നടത്തിയത്.

ഇവിടെ നിന്ന് വ്യാജ അലോപ്പതി ചികിൽസ നടത്തിവന്ന കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയ് രാജിനെയാണ് (33) പിടി കൂടിയത്. മൂന്നുമാസമായി ഇയാൾ ഇവിടെ പ്രവർത്തിക്കുന്നു. ആയുർവേദത്തിൽ ഡോക്‌ടർ ഡിഗ്രി നേടിയ ശേഷം അലോപ്പതിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് ഇയാൾ രോഗികളെ ചികിൽസിച്ചിരുന്നത്. ഇയാൾ നാല് കൊല്ലമായി ചികിൽസ ആരംഭിച്ചിട്ട് എന്നാണ് ലഭ്യമായ വിവരം. നിരവധി പേരെ തെറ്റായ മരുന്നുകൾ കൊടുത്ത് ആജീവനാന്ത രോഗികളാക്കി മാറ്റിയതിന് ശേഷമാണ് ഇവർ പിടിക്കപ്പടുന്നത്.

പിടിക്കപ്പെട്ട രണ്ടുപേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെയാണെന്ന് പോലീസ് പറയുന്നു. ഇവർ രണ്ടു പേരും ഇതിന് മുൻപും എത്രയോ സ്‌ഥലങ്ങളിൽ ചികിൽസ നടത്തിക്കാണും. ചികിൽസാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വാടകക്കെടുത്തോ ചെറിയ മുറികൾ എടുത്തോ ആണ് ഇത്തരക്കാർ കൂടുതലും പ്രവർത്തിക്കുന്നത്. ഇത്തരം ക്ളിനിക് നടത്തുന്നവർ മിക്കപ്പോഴും അതാത് നാട്ടുകാർ തന്നെയായിരിക്കും. കുറഞ്ഞ ശമ്പളം നൽകി ലഭിക്കുന്ന ഇത്തരം വ്യാജൻമാരെ നിയമിക്കുമ്പോൾ ലാഭം കൂടുതൽ ഉണ്ടാക്കാം എന്നതാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വർഷങ്ങളായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്‌ടർ ചമഞ്ഞ് തട്ടിപ്പ്‌ നടത്തിയ തൃശൂർ സ്വദേശി 67 വയസുള്ള രാജ്‌കുമാർ എന്ന വ്യാജനെ മാവേലിക്കരയിൽ നിന്ന് പിടികൂടിയിരുന്നു. തൃശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ചീഫ് ഫിസിഷ്യനായി ജോലിചെയ്‌ത ഇയാൾ 2014 മുതൽ 2019 വരെയുള്ള 5 കൊല്ലക്കാലം ഒരു സ്വകാര്യ ക്ളിനിക്കിൽ ഡോക്‌ടറായിരുന്നു. ഈ വർഷം മാത്രം അറസ്‌റ്റ് ചെയ്യപ്പെട്ടത് അഞ്ച് വ്യാജൻമാരെയാണ്. പിടിക്കപ്പെടാത്ത നൂറു കേസുകൾ വേറെയുണ്ടാകും.

ഐഎംഎ പോലുള്ള ഡോക്‌ടർമാരുടെ ഒഫീഷ്യൽ ബോഡികൾക്കോ അതുമല്ലങ്കിൽ സംസ്‌ഥാന ആരോഗ്യവകുപ്പിനോ ഒരു മൊബൈൽ ആപ്പ് കൊണ്ടുവന്നാൽ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിത്. ഐഎംഎയുടെ സംസ്‌ഥാന ഘടകത്തിന് ഒരു മൊബൈൽ ആപ്പും വെബ്‌സൈറ്റും ഉണ്ടായാൽ അതിൽ ഡോക്‌ടർമാരുടെ പേരും രജിസ്‌ട്രേഷൻ നമ്പറും നൽകിയാൽ അവർ പഠിച്ച കോളേജ് മുതൽ, ജോലി ചെയ്‌ത സ്‌ഥാപനങ്ങൾ വരെയുള്ള സകല ചരിത്രവും അതിനകത്ത് ഉൾപ്പെടുത്താം.

ഇതേ കാര്യം സംസ്‌ഥാന ആരോഗ്യവകുപ്പിനും ചെയ്യാവുന്നതാണ്. ആരോഗ്യവകുപ്പ് കൊണ്ടുവരുന്ന മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും അലോപ്പതി, ആയുർവേദം, ഹോമിയോ, യൂനാനി തുടങ്ങി സർക്കാർ അംഗീകരിച്ച മുഴുവൻ ചികിൽസകരേയും ഉൾപ്പെടുത്താം. കേരളത്തിനകത്തുള്ള എല്ലാ നഴ്‌സുമാരേയും ഉൾപ്പെടുത്താം.

ഡോക്‌ടർമാർ സ്‌ഥലമോ സ്‌ഥാപനമോ മാറുമ്പോഴും, പുതിയ ഡിഗ്രികൾ നേടുമ്പോഴും അവരുടെ ഐഡി ഉപയോഗിച്ച് ആപ്പിലോ വെബ്സൈറ്റിലോ കയറി അത് അപ്ഡേറ്റ് ചെയ്യാനും വെരിഫൈ ചെയ്യാനും സാധിക്കുന്ന രീതിയിലായിരിക്കണം ഇവ നിർമ്മിക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്‌ത്‌ അപ്പ്രൂവൽ നൽകാൻ ഒരു ചെറിയ ടീമിനെ ആരോഗ്യവകുപ്പിന് ആവശ്യമായി വരും.

ഈ മൊബൈൽ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും പൊതുജനത്തിന്, ഡോക്‌ടറുടെ പേരും രജിസ്‌ട്രേഷൻ നമ്പറും അതുമല്ലങ്കിൽ ഡോക്‌ടറുടെ പേരും ക്ളിനിക് പേരും അതുമല്ലങ്കിൽ ഡോക്‌ടറുടെ പേരും ഡോക്‌ടർ നിലവിൽ ചികിൽസ തുടരുന്ന സ്‌ഥലപ്പേരും നൽകിയാൽ ഡോക്‌ടറുടെ ആവശ്യമായ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിൽ ആയിരിക്കണം ഇതിനെ ഡിസൈൻ ചെയ്യേണ്ടത്. നിർമ്മാണ ചെലവിനും നടത്തിപ്പ് ചെലവുകൾക്കും പരസ്യങ്ങളും ആവശ്യമെങ്കിൽ ഇതിൽ രജിസ്‌റ്റർ ചെയ്യുന്നവരിൽ നിന്ന് ചെറിയ വാർഷിക ഫീസും ഈടാക്കാം. ഭാവിയിൽ ഇതിനെ മെഡിക്കൽ നെറ്റ്‌വർക്ക് ആപ്പ്ളിക്കേഷനായി വികസിപ്പിക്കുകയും ചെയ്യാവുന്നതാണ്.

നിലവിൽ, ഐഎംഎ ഉൾപ്പടെ സംഘടനകൾക്കും സംസ്‌ഥാന ആരോഗ്യ വകുപ്പിനും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിനും ആയുഷ് വകുപ്പിനുമൊക്കെ അംഗീകൃത ചികിൽസകർക്ക് അംഗത്വം കൊടുക്കുന്ന പദ്ധതികളും അവരുടെ ഡാറ്റ സൂക്ഷിക്കുന്ന സംവിധാനവും ഉണ്ട്. പക്ഷെ അവയൊന്നും തന്നെ പൊതുജനങ്ങൾക്ക് ചികിൽസകരുടെ അംഗീകാരവും വിദ്യഭ്യാസവും ഉൾപ്പടെയുള്ള കാര്യങ്ങൾ എളുപ്പത്തിൽ വെരിഫൈ ചെയ്യാവുന്ന സംവിധാനങ്ങളല്ല. ഇവരുടെയൊന്നും വെബ്‌സൈറ്റുകൾ പോലും ആധുനികമോ പ്രൊഫഷണലോ ആയല്ല ചെയ്‌തിരിക്കുന്നതും.

ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ തീർക്കാവുന്ന ഈ പ്രശ്‌നം ഇനിയും നീട്ടികൊണ്ടു പോകാതിരിക്കാൻ സംസ്‌ഥാന ആരോഗ്യവകുപ്പ് ശ്രദ്ധവെക്കുക. കഴിഞ്ഞ പത്തു കൊല്ലത്തിനിടയിൽ 100 വ്യാജ ചികിൽസകരെ പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇനിയും വ്യാജ ഡോക്‌ടർമാർ പൊതുജന ആരോഗ്യം പന്താടാതിരിക്കാൻ ആധുനിക സംവിധാനം ആരോഗ്യവകുപ്പ് കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷ.

Most Read: ‘ഫ്രീഡം ചെരുപ്പുകള്‍’; ജയിലില്‍ നിന്നും വിപണിയില്‍ ഹിറ്റാകാന്‍ അടുത്ത ഉല്‍പ്പന്നം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE