ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി

By News Desk, Malabar News
Malabarnews_amazone and netflix
Representational image
Ajwa Travels

ന്യൂഡെല്‍ഹി: ഓണ്‍ലൈൻ സ്ട്രീം ചെയ്യുന്ന ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ളാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരുന്നു.

ഇതിനു മുന്നോടിയായി വാര്‍ത്താ പോര്‍ട്ടലുകളെയും വിനോദ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

കേന്ദ്രസർക്കാരിന്റെ 1961ലെ (അലൊക്കേഷൻ ഓഫ് ബിസിനസ്) റൂൾസ് ഭേദഗതി ചെയ്‌താണ്‌ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതുപ്രകാരം, ഇന്ത്യയിലെ വാർത്ത, സിനിമ, മറ്റ് ഓഡിയോ–വിഷ്വൽ പ്രോഗ്രാമുകൾ, ചിത്രങ്ങൾ തുടങ്ങി ഡിജിറ്റൽ ഫോർമാറ്റിൽ പൊതു സമൂഹത്തിലേക്കെത്തുന്ന എന്തും കേന്ദ്രത്തിനു പരിശോധിക്കാം. ആവശ്യമെങ്കിൽ സെൻസർഷിപ് ഏർപ്പെടുത്തുകയും ചെയ്യാം.

ഇന്ത്യയിലിതുവരെ ഡിജിറ്റൽ സങ്കേതങ്ങൾ വഴി സമൂഹത്തിലേക്ക് എത്തിക്കുന്ന ഏതൊരു വിഷയത്തിനും ബിസിനസ് ലൈസൻസുകൾ അല്ലാത്ത യാതൊരു സെൻസർഷിപ്പ് നിയന്ത്രണവും കേന്ദ്രത്തിന് ഉണ്ടായിരുന്നില്ല.

ഓണ്‍ലൈൻ വഴിയോ മൊബൈൽ ഡിവൈസുകൾ വഴിയോ പ്രക്ഷേപണമോ വിതരണമോ ചെയ്യുന്ന വാർത്തകൾ, വാർത്താധിഷ്‌ഠിത പരിപാടികൾ, സിനിമ, ‍ഡോക്യൂമെന്ററികൾ എന്നിവയിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ കൊണ്ടുവരിക, ഇവയെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ നിയന്ത്രണം ഏര്‍പ്പെടുത്താനും സംവിധാനം ഉണ്ടാക്കുക എന്നത് ബിജെപിയുടെ കാലങ്ങളായുള്ള ആവശ്യമാണ്. സൗദി ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിലും ഇസ്‌ലാമിക രാജ്യങ്ങളിലും രാജഭരണ പ്രവിശ്യകളിലും ഇത്തരം നിയന്ത്രങ്ങളുണ്ട്.

Central Gazete Notification_Malabar News
രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവിലെ പ്രധാനഭാഗം

രാഷ്‌ട്രപതി അംഗീകരിച്ച് പുറത്തിറക്കിയ ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ നിയന്ത്രണങ്ങൾ ഏതുരീതിയിൽ വേണം, അത് എത്രത്തോളമാകാം, നിയന്ത്രണങ്ങൾ തെറ്റിച്ചാൽ രാജ്യദ്രോഹം ഉൾപ്പടെയുള്ള വിവിധ ക്രിമിനൽ/സിവിൽ വകുപ്പുകൾ എങ്ങെനെയാണ് ചാർത്തേണ്ടത്? മൗലികാവകാശം എത്രവരെയാകാം? ആവിഷ്‌കാര സ്വാതന്ത്ര്യം ഏതറ്റംവരെ പോകാം, ചിന്തകളുടെ എഴുത്തിനും, സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള അഭിപ്രായ പ്രകടനങ്ങളും ഏതറ്റം വരെപോകാം, അതിനു വേണ്ട പരിധികൾ, പരിമിതികൾ ഉൾപ്പടെ അവ്യക്‌തതയുള്ള എല്ലാ വിഷയങ്ങളിളും ഘട്ടം ഘട്ടമായി മാനദണ്ഡങ്ങൾ പുറത്തിറക്കും.

വാര്‍ത്താ പോര്‍ട്ടലുകൾക്കും യൂട്യൂബ് വഴിയുള്ള പ്രക്ഷേപണങ്ങൾക്കും ഓണ്‍ലൈൻ വിനോദ പ്ളാറ്റ് ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെയുള്ള നിയമങ്ങളും നിബന്ധനകളും മോദിയുടെ ഈ ഭരണകാലം അവസാനിക്കുന്നതിന് മുൻപായി ഉണ്ടാകും. കൂടാതെ, ഭരണകൂടവുമായി ബന്ധപ്പെട്ടതും വ്യക്‌തമായ തെളിവില്ലാത്ത അഴിമതി ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി ഉന്നയിക്കുന്നതും വ്യാജ പ്രചാരണങ്ങൾ സൃഷ്‌ടിക്കുന്നതും ഉൾപ്പടെ അനേകം നിയന്ത്രണങ്ങൾ രാഷ്‌ട്രപതി ഒപ്പുവച്ച ഈ ഉത്തരവിനെ തുടർന്ന് വരും എന്നാണ് നിയമവൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.

തത്വത്തിൽ ഓണ്‍ലൈൻ രംഗത്തിന് കേന്ദ്രത്തിന്റെ ശക്‌തമായ കടിഞ്ഞാണ്‍ വരികയാണ്. ഓണ്‍ലൈൻ പ്ളാറ്റ് ഫോമുകളെ നിയന്ത്രിക്കൽ അനിവാര്യമാണ് എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്‌റ്റിസ്‌ കേന്ദ്ര സര്‍ക്കാരിന് ഒക്‌ടോബറിൽ നോട്ടീസ് അയച്ചിരുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിലെ ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അന്ന് മൂന്നുമാസത്തെ സാവകാശമാണ് കോടതിയോട് ആവശ്യപ്പെട്ടത്. സുപ്രിംകോടതി കേന്ദ്രത്തിന് മൂന്ന് ആഴ്‌ച സമയമാണ് നൽകിയിരുന്നത്. എന്നാൽ കേന്ദ്രം, മൂന്നാഴ്‌ച മതിയാകില്ല എന്നും മൂന്നുമാസം സമയം ആവശ്യമാണെന്നും കാണിച്ച് സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൽ, ഇന്റര്‍നെറ്റ്, ജനാധിപത്യത്തിന് സങ്കല്‍പ്പിക്കാനാവാത്ത വിധം തടസം സൃഷ്‌ടിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തിരുന്നു.

ഓണ്‍ലൈൻ പോ‌‌ർട്ടലുകളെ നിയന്ത്രിക്കാൻ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെടണമെന്ന് മറ്റൊരു കേസിൽ കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് ലഭിച്ച നോട്ടീസിന് കേന്ദ്രം മറുപടി നൽകേണ്ട സമയമായി. അതിന് മുന്നോടിയാണ് ഈ ഉത്തരവെന്നാണ് പൊതു വിലയിരുത്തൽ. ഇതേസമയം, കേന്ദ്ര നീക്കത്തിനെതിരെ വ്യാപക വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരുന്നത്.

Most Read: മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍

COMMENTS

  1. ജനാധിപത്യത്തിന്റെ തകർച്ച ആണ് ഈ നിയമത്തിലൂടെ പ്രതിഫലിക്കുന്നത്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽ കാരാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് സ്വേച്ഛാധിപത്യ പരവും, അക്രമ രാഷ്ട്രീയവും വളരാൻ ഇടയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE