കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിന് തീപിടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച സോന സംഭവത്തിന് മുൻപ് പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങിയതായി പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തിൽ പേരാമ്പ്ര- കോഴിക്കോട് റോഡിലെ യത്തിംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു.
യാത്രയ്ക്കിടയിൽ കാറിൽ നിന്ന് പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്ന് ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് അപകടത്തിൽ പൊള്ളലേറ്റ ചികിൽസയിലുള്ള സോനയുടെ ഭർത്താവ് രജിൻ ലാൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. രജിൻ ലാലിൽ നിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. സംഭവം ആത്മഹത്യ ആണോയെന്ന സംശയം ഉടലെടുത്തിട്ടുണ്ട്.
സംഭവ ദിവസം വൈകീട്ട് ഏകദേശം 7.25ന് സോന പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സോന പെട്രോൾ പമ്പിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നതും പണം നൽകി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി ഒറ്റയ്ക്ക് പമ്പിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതും കാണാം.
തീപിടിത്തത്തിന് മുൻപ് പെട്രോൾ കാറിനുള്ളിൽ സൂക്ഷിതാകാമെന്ന നിഗമനത്തിലേക്കാണ് ഈ ദൃശ്യങ്ങൾ സൂചന നൽകുന്നതെന്നും പോലീസ് പറഞ്ഞു. അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ ടൗണിൽ പോയപ്പോൾ ആണോ, പിന്നീട് ഭർത്താവിനൊപ്പം പോയപ്പോൾ ആണോ സോന പെട്രോൾ വാങ്ങിയത് എന്ന സംശയം നിലനിൽക്കുന്നുണ്ട്.
രജിന്റെ ആവശ്യപ്രകാരം പെട്രോൾ വാങ്ങിയതാണോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ, സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്ക് പോയ സാഹചര്യത്തിൽ രജിന്റെ നിർദ്ദേശ പ്രകാരമല്ല വാങ്ങിയതെന്നാണ് പോലീസ് നിഗമനം. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറുമാസം ഗർഭിണിയായിരുന്നു.
സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തുപോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്നു വിളിച്ചുകൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.
Most Read| മൂന്ന് ദിവസത്തിനകം കരാറിൽ എത്തണം, ഇല്ലെങ്കിൽ കടുത്ത ആക്രമണം; ഇറാനോട് ട്രംപ്



































