തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ. മെഡിക്കൽ പ്രവേശനത്തിന് വൻ ഫീസ് ചുമത്താൻ ഇടയുള്ള ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ മാസം 13നാണ് ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് വീണ്ടും പരിശോധിക്കുവാനും കോളേജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് തന്നെ വിദ്യാർഥികൾ നൽകേണ്ടിവരുമെന്നും അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
കോടതി നിർദ്ദേശിച്ചതനുസരിച്ച് 10 കോളേജുകൾ സമർപ്പിച്ച ഫീസ് നിരക്ക് പ്രവേശന കമ്മീഷണർ വിദ്യാർഥികളുടെ അറിവിലേക്കായി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ നിശ്ചയിച്ച ഫീസിനേക്കാൾ ഉയർന്ന ഫീസ് കോടതി അംഗീകരിച്ചാൽ അതു നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നും വിദ്യാർഥികളെ അറിയിച്ചിരുന്നു.
11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയാണ് കോളേജുകൾ വാർഷിക ഫീസായി ആവശ്യപ്പെട്ടത്. ഫീസ് നിർണയ സമിതി 6.32 മുതൽ 7.65 ലക്ഷം രൂപവരെയാണ് ഫീസ് നിർദേശിച്ചിരുന്നത്. ഇതോടെ വിദ്യാർഥികളും മാതാപിതാക്കളും പ്രതിസന്ധിയിലായി.
സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് നിർണയിച്ചുള്ള രാജേന്ദ്രബാബു സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വാശ്രയ മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചുള്ള ആശുപത്രികളുടെ വരുമാനം ഒഴിവാക്കി ഫീസ് നിർണയിക്കാൻ ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആശുപത്രി മെഡിക്കൽ കോളേജിന്റെ അവിഭാജ്യ ഘടകമാണെന്ന് സർക്കാരും വിദ്യാർഥികളും ഉന്നയിച്ചു. ഇതിനെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
പുതിയ ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ ഫീസിനേക്കാൾ 6.43 ശതമാനം വർധന അനുവദിച്ച്, രാജേന്ദ്രബാബു സമിതി ഈ വർഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി. പണപ്പെരുപ്പ നിരക്ക് പരിഗണിച്ചാണ് ഫീസ് വർധന. ഇതിനെയാണ് മാനേജ്മെന്റുകൾ കോടതിയിൽ ചോദ്യം ചെയ്തത്.
Read also: എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ








































