ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഫീസ് നിര്‍ണയ സമിതിക്കെതിരായ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും കോടതി തള്ളി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌താല്‍ അനിശ്‌ചിതാവസ്‌ഥ ഉണ്ടാകുമെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കോടതിയുടെ അന്തിമ വിധിയുടെ അടിസ്‌ഥാനത്തിലുള്ള ഫീസ് നല്‍കാം എന്ന് രേഖമൂലം എഴുതി നല്‍കേണ്ടി വരും.
ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം അതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്‌ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിയമം 2019ല്‍ നിലവില്‍ വന്നതോടെ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം കമ്മീഷനണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇതുവരെയും നിലവില്‍ വന്നിട്ടില്ലെന്നും അതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവില്‍ വന്ന സംസ്‌ഥാന ഫീസ് നിര്‍ണയ സമിതി നിശ്‌ചയിക്കുന്ന ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്നാണ് സംസ്‌ഥാന സര്‍ക്കാര്‍ വാദിച്ചത്. മാത്രവുമല്ല ചില കോളേജുകള്‍ 22 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ഫീസായി ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്‌ത, സ്‌റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത്. ഫീസ് നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കൂടാതെ സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണം എന്ന് സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും പരാമര്‍ശങ്ങള്‍ വ്യക്‌തിപരം അല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
Read Also: അയോധ്യയിലെ പള്ളിയുടെ ശിലാസ്‌ഥാപനം ജനുവരി 26ന്
അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഫീസ് നിര്‍ണയിക്കാന്‍ ഉള്ള രേഖകള്‍ ഹാജരാക്കിയെങ്കിലും ഫീസ് നിര്‍ണയ സമിതി വാര്‍ഷിക ഫീസ് നിശ്‌ചയിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. കഴിഞ്ഞ വര്‍ഷത്തെ ഫീസിനൊപ്പം ചെറിയ വര്‍ദ്ധനവ് വരുത്തി ഫീസ് നിര്‍ണയിച്ചത് നിയമത്തിന് എതിരാണെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, അഭിഭാഷകര്‍ ആയ ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി എന്നിവരും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകര്‍ ആയ എം ആര്‍ രമേശ് ബാബു, രാകേന്ദ് ബസന്ത് എന്നിവരുമാണ് ഹാജരായത്.
Kerala News: കേരളത്തില്‍ നാളെ കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്