ബേക്കൽ: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസിന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് പ്രദീപ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്.
ദിലീപിന് നല്കിയ കത്ത് പള്‍സര്‍ സുനിക്ക് എഴുതി നല്‍കിയത് താന്‍ അല്ലെന്ന് മൊഴി മാറ്റാൻ ആവശ്യപ്പെട്ടുവെന്ന മാപ്പ് സാക്ഷിയായ വിപിൻ ലാലിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞ് ഫോണിലും കത്ത് വഴിയും സ്വാധീക്കാന്‍ ശ്രമമുണ്ടായെന്നും വിപിന്‍ ലാല്‍ പരാതിയില്‍ പറയുന്നു. തുടർന്ന് ബേക്കൽ പോലീസ് ഗണേഷ് കുമാറിന് നോട്ടീസ് നൽകിയിരുന്നു. എംഎൽഎയുടെ പേഴ്സണൽ സെക്രട്ടറിയായ പ്രദീപിനോട് രണ്ട് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
പ്രദീപാണ് കാസർഗോഡെത്തി വിപിൻലാലിന്റെ ബന്ധുവിനെ കണ്ടതും മൊഴിമാറ്റാൻ ആവശ്യപ്പെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപിനെ ചോദ്യം ചെയ്യുന്നത്. ജനുവരി 24നാണ് സംഭവം നടന്നത്.
പള്‍സര്‍ സുനിയുടെ ആവശ്യപ്രകാരം താന്‍ തന്നെയാണ് ദിലീപിന് നല്‍കാനുള്ള കത്ത് തയ്യാറാക്കിയതെന്ന് കോട്ടയം സ്വദേശിയായ വിപിന്‍ ലാല്‍ നേരത്തെ മൊഴി നൽകിയിരുന്നു.
Read Also: പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും







































