തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ആരോപണങ്ങളുമായി ബിജു രമേശ്. ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ ബിജു രമേശ്, കെഎം മാണി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് കേസ് ഒത്തുതീർപ്പായതെന്നും ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അതിലൊന്നും കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
രഹസ്യ മൊഴി കൊടുക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അത് കൊണ്ടാണ് രഹസ്യ മൊഴിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.
ആദ്യം തനിക്ക് പിന്തുണ നല്കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. കെഎം മാണി പിണറായി വിജയനെ വീട്ടില്‍ ചെന്നു കണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചത്. തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. കേസ് പരസ്പരം ഒത്തുതീർപ്പാക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.
വിജിലൻസ് അന്വേഷണം വെറും പ്രഹസനമാണെന്നും കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
Also Read: ബിലീവേഴ്സ് ചർച്ച് റെയ്ഡ്; കെപി യോഹന്നാൻ ഹാജരാവില്ല







































