കോഴിക്കോട്: കൈക്കൂലി ആരോപണ കേസിൽ എംകെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവാക്കിയെന്ന വെളിപ്പെടുത്തലിലും എംപിക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകും. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എംകെ രാഘവനെതിരെ കൈക്കൂലി ആരോപണം ഉയർന്നത്. സ്‌റ്റിങ് ഓപ്പറേഷൻ നടത്തി ടിവി 9 ചാനലാണ് ഇതുസംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. ഫൈവ്സ്‌റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ ചാനൽ എംപിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിൽ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി തനിക്ക് 5 കോടി രൂപ തരണമെന്ന് ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് ചാനൽ അന്ന് പുറത്തുവിട്ടിരുന്നത്.
ഈ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് പരാതി സ്വീകരിക്കുകയൂം വിജിലൻസ് അന്വേഷണം സംബന്ധിച്ച് നിയമോപദേശം തേടുകയും ചെയ്‌തത്. എംകെ രാഘവൻ എംപിയായതിനാൽ വിജിലൻസ് അന്വേഷണത്തിന് ലോക്‌സഭാ സ്‍പീക്കറുടെ അനുമതി വേണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. എന്നാൽ അനുമതി വേണ്ടെന്ന മറുപടിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം.
2014 തിരഞ്ഞെടുപ്പിൽ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും സ്‌റ്റിങ് ഓപ്പറേഷനിൽ ഉണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങുന്നത്.
Read also: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം