ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും ഇരുസേനകളുടെയും പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ തന്നെ ഫലം കാണുമെന്ന് വ്യക്‌തമാക്കി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. കണ്ണൂരിലെ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഉടന്‍ തന്നെ ഒരു ധാരണയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ രാജ്യത്ത് സൈന്യം സദാ സജ്‌ജരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ ഭീഷണിയടക്കം നിരവധി വെല്ലുവിളികള്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടുന്നുണ്ട്. ഇവയെല്ലാം ശക്‌തമായി തന്നെ നേരിടുമെന്നും, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്റലിജന്‍സ് വീഴ്‌ചയാണെന്ന വിമര്‍ശനം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
164 നാവികരാണ് കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ രണ്ട് പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. ഇവരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാഥിതിയായാണ് കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ എത്തിയത്. കൂടാതെ മികച്ച കേഡറ്റുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.
Read also : പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം





































